അന്ത്യ അത്താഴത്തെ വികലമാക്കി ചിത്രീകരിച്ചു; വിവാദം
Sunday, July 28, 2024 12:45 AM IST
പാരീസ്: ഒളിന്പിക്സ് ഉദ്ഘാടനച്ചടങ്ങിൽ ക്രൈസ്തവ വികാരം വൃണപ്പെടുത്തുന്ന പ്രകടനമുണ്ടായത് വൻ വിവാദത്തിനു വഴിവച്ചു. വിഖ്യാത ചിത്രകാരൻ ലിയണാർഡോ ഡാവിഞ്ചിയുടെ ‘അന്ത്യത്താഴം’ എന്ന പെയിന്റിംഗിനെ ആസ്പദമാക്കിയുള്ള പാരഡി സ്കിറ്റിലാണ് ക്രൈസ്തവമതത്തെ അവഹേളിക്കുന്ന അവതരണമുണ്ടായത്. സ്കിറ്റിന്റെ ചിത്രങ്ങളും വീഡിയോദൃശ്യങ്ങളും പ്രചരിച്ചതോടെ ലോകവ്യാപകമായി വലിയ വിമർശനമാണ് ഉയരുന്നത്.
വെള്ളിയാഴ്ച രാത്രി നടന്ന ഉദ്ഘാടനച്ചടങ്ങിൽ ഫ്രാൻസിന്റെ ചരിത്രവും സംസ്കാരവും വിളിച്ചോതുന്ന പരിപാടികൾ അവതരിപ്പിക്കുന്നതിനിടെയാണ് വിവാദ നാടകവും (ഡ്രാഗ് ക്വീൻ പാരഡി) അവതരിപ്പിക്കപ്പെട്ടത്. സെയ്ൻ നദിയും ഈഫൽ ഗോപുരവും പശ്ചാത്തലമാക്കി അവതരിപ്പിക്കപ്പെട്ട പരിപാടിയിൽ 18 പേരായിരുന്നു അംഗങ്ങൾ.
പെണ്‍വേഷം കെട്ടിയ അർധനഗ്നരായ അഭിനേതാക്കൾ ക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിക്കുന്ന തരത്തിലുള്ള ചേഷ്ടകൾ കാണിച്ചു. ഇതിനുശേഷം അഭിനേതാക്കൾ ഫാഷൻ ഷോ നടത്തിയതിനു പുറമേ ബൈബിളിലെ വെളിപാട് പുസ്തകത്തിൽ പരാമർശമുള്ള വിളറിയ കുതിരയെ അവഹേളിച്ചും പ്രകടനങ്ങളുണ്ടായി.
പരിപാടിയുടെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ലോകത്തിന്റെ എല്ലാ കോണുകളിൽനിന്നും വിമർശനങ്ങളുയർന്നു. അഭിനേതാക്കളുടെ ആഭാസപ്രകടനം ക്രൈസ്തവരെ വളരെയധികം അവഹേളിക്കുന്നതാണെന്ന് ടെസ്ല സ്ഥാപകൻ ഇലോണ്‍ മസ്ക് അഭിപ്രായപ്പെട്ടു.
പാരീസ് ഒളിന്പിക്സിന്റെ ഉദ്ഘാടനച്ചടങ്ങ് വീക്ഷിച്ച ക്രൈസ്തവർ അപമാനിക്കപ്പെട്ടെന്നും ഫ്രാൻസിലെ ഇടതുപക്ഷം പ്രകോപനമുണ്ടാക്കാൻ ഏതറ്റം വരെയും പോകുമെന്നതിന്റെ തെളിവാണിതെന്നും ഫ്രഞ്ച് രാഷ്ട്രീയ നേതാവ് മരിയോണ്‍ മാർഷൽ വിമർശിച്ചു. ഭിന്നലിംഗക്കാരുടെ അന്ത്യ അത്താഴ അവഹേളനമാണ് ഒളിന്പിക്സ് ഉദ്ഘാടനച്ചടങ്ങിൽ കണ്ടതെന്നു മാധ്യമപ്രവർത്തകൻ കൈൽ ബെക്കർ പറഞ്ഞു.