ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയ്ക്ക് ബിർമിംഗ്ഹാമിൽ ആസ്ഥാനമന്ദിരം
Sunday, July 28, 2024 12:45 AM IST
ഷൈമോൻ തോട്ടുങ്കൽ
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയ്ക്ക് ബിർമിംഗ്ഹാമിൽ പുതിയ ആസ്ഥാനമന്ദിരമായി. ഇതിന്റെ ആശീർവാദവും ഉദ്ഘാടനവും സെപ്റ്റംബർ 16ന് മേജർ അർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ നിർവഹിക്കും.
19-ാം നൂറ്റാണ്ട് മുതൽ ബ്രിട്ടനിലെ കത്തോലിക്കാ വിശ്വാസത്തിന്റെ പ്രധാന കേന്ദ്രമായി അറിയപ്പെടുന്ന ബിർമിംഗ്ഹാമിലെ ഓൾഡ് ഓസ്കോട്ട് ഹില്ലിലാണ് 13,500 ചതുരശ്ര അടി വിസ്തൃതിയുള്ള പാസ്റ്ററൽ സെന്റർ നിർമിച്ചിരുക്കുന്നത്.
ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ മുഴുവൻ വൈദികരുടെയും സന്യസ്തരുടെയും എല്ലാ മിഷനുകളിൽനിന്നുമുള്ള വിശ്വാസികളുടെയും നിശ്ചയദാർഢ്യത്തോടെയുള്ള ധനസമാഹരണത്തിന്റെ ഫലമായിട്ടാണ് പാസ്റ്ററൽ സെന്റർ യാഥാർഥ്യമാകുന്നത്.
ചുരുങ്ങിയ സമയത്തിനുള്ളിൽ ഏകദേശം 11 കോടി രൂപ സമാഹരിച്ചാണ് പാസ്റ്ററൽ സെന്റർ എന്ന ലക്ഷ്യം രൂപത സാധ്യമാക്കുന്നത്.
മന്ദിരത്തിന്റെ താക്കോൽ കൈമാറ്റം കഴിഞ്ഞദിവസം നടന്നിരുന്നു. തുടർന്ന് മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന സമൂഹബലിയോടെ പാസ്റ്ററൽ സെന്റർ രൂപതയുടെ ഭാഗമായി മാറി.
2016 ജൂലൈ 16ന് ഔദ്യോഗികമായി പ്രവർത്തനം തുടങ്ങിയ ബ്രിട്ടനിലെ സീറോമലബാർ രൂപത എട്ടു വർഷം പൂർത്തിയാക്കുന്ന വേളയിലാണ് രൂപത ആസ്ഥാനവും പാസ്റ്ററൽ സെന്ററും സ്വന്തം കെട്ടിടത്തിലേക്കു പ്രവർത്തനം മാറ്റുന്നത്.