ഫ്രാൻസിലെ പള്ളിയിൽ ഭീകരാക്രമണം
Friday, July 26, 2024 3:14 AM IST
നീസ്: ഒളിന്പിക്സ് ഇന്ന് ആരംഭിക്കാനിരിക്കേ ഫ്രാൻസിലെ പള്ളിയിൽ ഭീകരാക്രമണം. നീസിലെ നോത്ര്ദാം ബസിലിക്കയിലാണ് പ്രാദേശികസമയം ബുധനാഴ്ച ഉച്ചയ്ക്ക് ഭീകരാക്രമണമുണ്ടായത്. പള്ളിയിൽ അതിക്രമിച്ചുകടന്ന തീവ്രവാദി മെഴുകുതിരികൾ വെള്ളമൊഴിച്ച് കെടുത്തുകയാണ് ആദ്യം ചെയ്തത്.
തുടർന്ന് ഖുറാനിൽനിന്ന് ഉറക്കെ വായിക്കാൻ തുടങ്ങിയ അക്രമിയെ പിന്തിരിപ്പിക്കാനെത്തിയ ദേവാലയ ശുശ്രൂഷിയുടെ നേർക്കും വെള്ളം ചീറ്റിച്ചപ്പോൾ അലാറം മുഴക്കുകയും പാഞ്ഞെത്തിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 29കാരനായ അക്രമിയുടെ മറ്റു വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
2020 ഒക്ടോബർ 20ന് ഇതേ പള്ളിയിൽ നടന്ന ഇസ്ലാമിക ഭീകരാക്രമണത്തിൽ രണ്ട് ഇടവകാംഗങ്ങളും ദേവാലയശുശ്രൂഷിയും കൊല്ലപ്പെട്ടിരുന്നു. ഭീകരനെ പോലീസ് വെടിവച്ച് നിരായുധനാക്കിയശേഷം അറസ്റ്റ് ചെയ്തു. അടുത്ത വർഷം ഫെബ്രുവരിയിലാണ് ഈ കേസിന്റെ വിചാരണ ആരംഭിക്കുന്നത്.