യുഎസുമായി ഇനി പഴയ ബന്ധമില്ല: മാർക്ക് കാർണി
Saturday, March 29, 2025 12:08 AM IST
ഒട്ടാവ: സാന്പത്തിക, പ്രതിരോധ സഹകരണത്തിൽ അധിഷ്ഠിതമായി അമേരിക്കയുമായി പുലർത്തിവന്ന പഴയബന്ധം അവസാനിച്ചുവെന്നു കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ വാണിജ്യയുദ്ധത്തിനു കാനഡ ശക്തമായ മറുപടി നല്കുമെന്നും കാബിനറ്റ് യോഗത്തിനുശേഷം അദ്ദേഹം വ്യക്തമാക്കി.
ട്രംപിന്റെ ഭീഷണിയുടെ പശ്ചാത്തലത്തിൽ കനേഡിയൻ സാന്പത്തികമേഖലെയ പുനർവിഭാവനം ചെയ്യും. കനേഡിയൻ സർക്കാരിനു പൂർണ നിയന്ത്രണുള്ള വിപണി സൃഷ്ടിക്കലാണു ലക്ഷ്യം. അമേരിക്കയിൽ വൻ പ്രത്യാഘാതമുണ്ടാക്കുന്ന ചുങ്കപ്രഖ്യാപനങ്ങൾ കാനഡ നടത്തും.
വാഹനങ്ങൾക്കും പാർട്സുകൾക്കും 25 ശതമാനം ഇറക്കുമതി ചുങ്കം ഏർപ്പെടുത്തിയ ട്രംപിന്റെ നടപടിയോടെ കാനഡയും അമേരിക്കയും തമ്മിൽ 1965ലുണ്ടാക്കിയ വാഹന ഉത്പന്ന കരാർ അസാധുവായെന്നും കാർണി ചൂണ്ടിക്കാട്ടി.