മേയറുടെ അറസ്റ്റ്: പ്രതിഷേധം തുടരുമെന്ന് തുർക്കി പ്രതിപക്ഷം, 1900 പേർ അറസ്റ്റിൽ
Friday, March 28, 2025 3:16 AM IST
ഇസ്താംബൂൾ: അറസ്റ്റിലായ ഇസ്താംബൂൾ മേയർ ഇക്രം ഇമാമൊഗ്ലുവിനെ മോചിപ്പിക്കുകയോ ഇടക്കാല പ്രസിഡന്റ് തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുകയോ ചെയ്തില്ലെങ്കിൽ തുർക്കിയിലുടനീളം പ്രതിഷേധപ്രകടനങ്ങൾ നടത്തുമെന്ന് ഇമാമൊഗ്ലുവിന്റെ റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടി (സിഎച്ച്പി) മേധാവി ഒസ്ഗുർ ഒസെൽ പറഞ്ഞു.
നാളെ ഇസ്താംബൂളിൽ വൻ റാലി നടത്തും. 2028 പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സിഎച്ച്പി സ്ഥാനാർഥിയായി ഇമാമൊഗ്ലുവിനെ റാലിക്കിടെ പ്രഖ്യാപിക്കുമെന്നും ഒസെൽ അറിയിച്ചു.
തുർക്കിയിലെ ഓരോ നഗരത്തിലും വൻ റാലികൾ നടത്തും. ജനാധിപത്യത്തിലും ഇമാമൊഗ്ലുവിലുമുള്ള വിശ്വാസം റാലികൾക്കു ശക്തി പകരുമെന്ന് ഒസെൽ കൂട്ടിച്ചേർത്തു.
തുർക്കി പ്രസിഡന്റ് എർദോഗന്റെ രാഷ്ട്രീയ എതിരാളിയായ ഇമാമൊഗ്ലുവിനെ ഒരാഴ്ച മുന്പാണ് അറസ്റ്റ് ചെയ്തത്. അഴിമതി, ഭീകരപ്രവർത്തനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയ അദ്ദേഹത്തെ ഇസ്താംബൂൾ പ്രാന്തത്തിലെ ജയിലിൽ അടച്ചിരിക്കുകയാണ്.
ഇമാമൊഗ്ലുവിന്റെ അറസ്റ്റിനെതിരേ ഒരാഴ്ചയായി ഇസ്താംബൂളിൽ വൻ പ്രകടനങ്ങൾ നടക്കുന്നുണ്ട്. പ്രകടനക്കാർക്കു നേർക്ക് പോലീസ് പലവട്ടം ബലം പ്രയോഗിച്ചു. പ്രകടനങ്ങളുമായി ബന്ധപ്പെട്ട് 1900 പേർ അറസ്റ്റിലായി. പ്രകടനങ്ങൾ റിപ്പോർട്ട് ചെയ്ത അഞ്ച് മാധ്യമപ്രവർത്തകരും ഇതിൽ ഉൾപ്പെടുന്നു. പ്രതിഷേധക്കാർ തെരുവുഭീകരരാണെന്ന് പ്രസിഡന്റ് എർദോഗൻ ആരോപിച്ചു.