മൂല്യമറിയാതെ അര നൂറ്റാണ്ട്; 118 കോടി രൂപ വിലയിൽ റിക്കാർഡുമായി ഹുസൈൻ ചിത്രം
Saturday, March 29, 2025 11:35 PM IST
ന്യൂയോർക്ക്: ഇന്ത്യൻ ചിത്രകാരൻ എം.എഫ്. ഹുസൈന്റെ ‘ഗ്രാമ യാത്ര’ എന്ന പെയിന്റിംഗിന് ലേലത്തിൽ ലഭിച്ചത് 1.38 കോടി ഡോളർ (ഏകദേശം 118 കോടി രൂപ).
ഇന്ത്യൻ പെയിന്റിംഗിനു ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്. ഇന്ത്യൻ വംശജയായ അമൃത ഷേർഗില്ലിന്റെ ‘ദ സ്റ്റോറി റ്റെല്ലർ’ എന്ന പെയിന്റിംഗിന് 2023ൽ ലഭിച്ച 74 ലക്ഷം ഡോളറിന്റെ റിക്കാർഡാണ് മറികടന്നത്.
ഹുസൈൻ 1950കളിൽ വരച്ച പെയിന്റിംഗ് അര നൂറ്റാണ്ടോളം നോർവേയുടെ തലസ്ഥാനമായ ഓസ്ലോയിലുള്ള ഓസ്ലോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിന്റെ ഭിത്തിയിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ കിടക്കുകയായിരുന്നു. 2011ൽ ഹുസൈൻ മരിച്ച് രണ്ടു വർഷം കഴിഞ്ഞാണ് ചിത്രത്തിന്റെ പ്രാധാന്യം പലർക്കും ബോധ്യപ്പെട്ടത്.
ആധുനിക ഇന്ത്യൻ ചിത്രകലയുടെ പിതാക്കന്മാരിലൊരാളായ ഹുസൈൻ ഈ പെയിന്റിംഗിൽ 13 ഗ്രാമീണ ദൃശ്യങ്ങളാണു തീർത്തിരിക്കുന്നത്. ആധുനികതയും ഇന്ത്യൻ രീതിയും സമ്മേളിക്കുന്ന ഓയിൽ പെയിന്റിംഗിന് 14 അടി വീതിയുണ്ട്.
1954ൽ ലോകാരോഗ്യ സംഘടനാ ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ യുക്രെയ്ൻ ഡോക്ടർ ലിയോൺ ഏലിയാൻ വോളോഡാർസ്കി 295 ഡോളറിന് (ഏതാണ്ട് 25,000 രൂപ) പെയിന്റിംഗ് വാങ്ങുകയായിരുന്നു. അദ്ദേഹമാണു നോർവേയിലെത്തിച്ചത്.