ഇസ്താംബൂളിൽ വൻ റാലി
Saturday, March 29, 2025 11:35 PM IST
ഇസ്താംബൂൾ: തുർക്കി സർക്കാർ അറസ്റ്റ് ചെയ്ത് ജയിലിലടച്ച ഇസ്താംബൂൾ മേയർ ഇക്രം ഇമാമൊഗ്ലുവിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ പടുകൂറ്റൻ പ്രകടനം നടന്നു. ഇസ്താംബൂളിൽ നടന്ന റാലിയിൽ പതിനായിരങ്ങളാണു പങ്കെടുത്തത്.
ഇമാമൊഗ്ലുവിന്റെ സിഎച്ച്പി പാർട്ടിയും മറ്റു പ്രതിപക്ഷ കക്ഷികളുമാണു റാലി സംഘടിപ്പിച്ചത്. ഒന്നരയാഴ്ച മുന്പ് ഇമാമൊഗ്ലുവിനെ അറസ്റ്റ് ചെയ്തതു മുതൽ തുർക്കിയിലുടനീളം സർക്കാർവിരുദ്ധ പ്രകടനങ്ങൾ നടക്കുന്നുണ്ട്.
പ്രസിഡന്റ് എർദോഗന്റെ രാഷ്ട്രീയ ശത്രുവായ ഇമാമൊഗുവിനെതിരായ നടപടി രാഷ്ട്രീയപ്രേരിതമെന്ന് ആരോപിക്കപ്പെടുന്നു. വിശ്വാസ്യത നഷ്ടപ്പെട്ട എർദോഗൻ സർക്കാർ രാജിവച്ച് തെരഞ്ഞെടുപ്പിനെ നേരിടണമെന്നു പ്രതിപക്ഷം ആവശ്യപ്പെടുന്നു. സിഎച്ച്പി പാർട്ടിയുടെ പ്രസിഡൻഷ്യൽ സ്ഥാനാർഥിയായി ഇമാമൊഗ്ലുവിനെ തെരഞ്ഞെടുത്തിരുന്നു.