നേപ്പാളിൽ കലാപം; രണ്ടുപേർ കൊല്ലപ്പെട്ടു
Saturday, March 29, 2025 2:06 AM IST
കാഠ്മണ്ഡു: നേപ്പാളിൽ രാജവാഴ്ചയും ഹിന്ദുരാജ്യപദവിയും പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് തലസ്ഥാനമായ കാഠ്മണ്ഡുവിൽ ഒരു വിഭാഗം നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ കലാപത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. മുപ്പതിലേറെ പേർക്കു പരിക്കേറ്റു. കാഠ്മണ്ഡുവിൽ ഇന്നലെ അഞ്ചു മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചു. സംഘർഷബാധിത പ്രദേശങ്ങളിൽ സൈന്യം ഇറങ്ങി.
പരിക്കേറ്റവരിൽ പകുതിയോളം പേർ പോലീസുകാരാണ്. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ശ്രമിച്ചതോടെ കല്ലേറുണ്ടാകുകയായിരുന്നു. മുൻ രാജാവ് ഗ്യാനേന്ദ്രയുടെ ചിത്രങ്ങളുമായാണ് പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ചിത്രങ്ങളും ചിലരുടെ പക്കലുണ്ടായിരുന്നു. ഒരു വീടും എട്ടു വാഹനങ്ങളും പ്രതിഷേധക്കാർ കത്തിച്ചു.
സിപിഎൻ-യൂണിഫൈഡ് സോഷ്യലിസ്റ്റ്സ് പാർട്ടിയുടെ ബാനേശ്വറിലെ ഓഫീസും ആക്രമിക്കപ്പെട്ടു. ഭട്ഭടേനി സൂപ്പർ മാർക്കറ്റ് കൊള്ളയടിച്ച പ്രതിഷേധക്കാർ കാന്തിപുർ ടെലിവിഷന്റെയും അന്നപൂർണ പോസ്റ്റ് പത്രത്തിന്റെയും ഓഫീസുകൾ നശിപ്പിച്ചു.