ലബനനിൽ ഇസ്രേലി ആക്രമണം
Saturday, March 29, 2025 12:09 AM IST
ബെയ്റൂട്ട്: ലബനനിൽനിന്ന് ഇസ്രയേലിലേക്കു റോക്കറ്റാക്രമണം ഉണ്ടായതിനെത്തുടർന്ന് ലബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രേലി സേന അറിയിച്ചു. അതേസമയം, റോക്കറ്റാക്രമണത്തിനു പിന്നിൽ തങ്ങളല്ലെന്നു ഹിസ്ബുള്ള അവകാശപ്പെട്ടു.
നവംബറിൽ ഇരുവിഭാഗവും തമ്മിൽ വെടിനിർത്തലുണ്ടായ ശേഷം ഇതു രണ്ടാം തവണയാണ് ഇത്തരത്തിലുള്ള സംഘർഷം. കഴിഞ്ഞ ശനിയാഴ്ചയും ലബനനിൽനിന്ന് ഇസ്രയേലിലേക്ക് റോക്കറ്റാക്രമണം ഉണ്ടായിരുന്നു. ഇതിനു പിന്നാലെ ഇസ്രേലി സേന ഹിസ്ബുള്ള കേന്ദ്രങ്ങൾ ആക്രമിച്ചു. അന്നും റോക്കറ്റാക്രമണം നടത്തിയത് തങ്ങളല്ലെന്നാണു ഹിസ്ബുള്ള അറിയിച്ചത്.
ലബനനിൽ വീണ്ടും ആക്രമണം നടത്താൻ ഇസ്രേലി സേന മനഃപൂർവം കാരണങ്ങളുണ്ടാക്കുകയാണെന്ന ആരോപണവും ഹിസ്ബുള്ള ഉന്നയിച്ചു.
വടക്കൻ ഇസ്രയേലിലെ ഗലീലി പ്രദേശത്താണ് ഇന്നലെ റോക്കറ്റാക്രമണമുണ്ടായത്. പരിക്കോ നാശനഷ്ടമോ ഉള്ളതായി റിപ്പോർട്ടില്ല. ഹിസ്ബുള്ളയാണ് ആക്രമണം നടത്തിയതെന്നും ശക്തമായ തിരിച്ചടി നല്കുമെന്നും ഇസ്രേലി പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞു.