ടൂറിസ്റ്റ് അന്തർവാഹിനി മുങ്ങി ആറു പേർ മരിച്ചു
Friday, March 28, 2025 3:16 AM IST
കയ്റോ: ഈജിപ്തിൽ വിനോദസഞ്ചാരികളുടെ അന്തർവാഹിനി മുങ്ങി ആറു പേർ മരിച്ചു. ഒന്പതു പേർക്കു പരിക്കേറ്റു. ജീവനക്കാരും 45 വിനോദസഞ്ചാരികളുമാണ് അന്തർവാഹിനിയിൽ ഉണ്ടായിരുന്നത്. വിനോദസഞ്ചാരികളെല്ലാം റഷ്യൻ പൗരന്മാരാണെന്നു റിപ്പോർട്ടുകളിൽ പറയുന്നു.
ചെങ്കടൽ തീരത്തെ ഈജിപ്ഷ്യൻ ടൂറിസ്റ്റ് നഗരമായ ഹുർഗാദയിലായിരുന്നു സംഭവം. സിന്ദ്ബാദ് ഹോട്ടലിന്റെ കീഴിലുള്ള അന്തർവാഹിനി ഇന്നലെ രാവിലെ പത്തിന് ആഴക്കടൽ കാഴ്ചകൾ കാണാനായി വിനോദസഞ്ചാരികളുമായി പുറപ്പെട്ടതായിരുന്നു.
തീരത്തുനിന്ന് ഒരു കിലോമീറ്റർ അകലെവച്ച് മുങ്ങിയെന്നാണ് ഈജിപ്ഷ്യൻ വൃത്തങ്ങൾ പറഞ്ഞത്. റഷ്യൻ വിനോദസഞ്ചാരികളിൽ കുട്ടികളും ഉണ്ടായിരുന്നു. രക്ഷപ്പെടുത്തിയവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടകാരണം വ്യക്തമല്ല. 25 മീറ്റർ വരെ ആഴത്തിൽ പോകാനുള്ള ശേഷിയാണ് അന്തർവാഹിനിക്കുള്ളത്.