നേപ്പാൾ അക്രമം: അന്വേഷണം തുടങ്ങി
Saturday, March 29, 2025 11:35 PM IST
കാഠ്മണ്ഡു: രാജവാഴ്ച പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടു നടന്ന റാലിക്കിടെ ഉണ്ടായ അക്രമങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി നേപ്പാൾ. തീവയ്പ്പും കൊള്ളയും നടന്ന റാലി പ്രതിഷേധപ്രകടനം ആയിരുന്നില്ലെന്നു മന്ത്രിസഭാ വക്താവ് പൃഥ്വി സുബ്ബ ഗുരുംഗ് പറഞ്ഞു.
വെള്ളിയാഴ്ച കാഠ്മണ്ഡുവിൽ നടന്ന റാലിക്കിടെ രണ്ടു പേർ കൊല്ലപ്പെടുകയും 77 പോലീസുകാർ അടക്കം 112 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.
വീടുകൾ, വ്യാപാരസ്ഥാപനങ്ങൾ, പാർട്ടി ഓഫീസ്, ഷോപ്പിംഗ് മാൾ മുതലായവ പ്രതിഷേധക്കാർ നശിപ്പിച്ചു. സംഭവത്തിൽ 105 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാഠ്മണ്ഡുവിന്റെ കിഴക്കുഭാഗത്ത് ഏർപ്പെടുത്തിയ കർഫ്യു പിൻവലിച്ചു.
നേപ്പാളിൽ 2008ലാണ് രാജഭരണം അവസാനിച്ചത്. അവസാന രാജാവ് ജ്ഞാനേന്ദ്ര കാഠ്മണ്ഡുവിലെ സ്വകാര്യവസതിയിൽ കുടുംബത്തോടൊപ്പം സാധാരണക്കാരനായി കഴിയുകയാണ്.