പലസ്തീനിയെ ജീപ്പിൽ കെട്ടിയിട്ടു; അന്വേഷണവുമായി ഇസ്രേലി സേന
Monday, June 24, 2024 3:29 AM IST
ടെൽ അവീവ്: ഏറ്റുമുട്ടലിൽ പരിക്കേറ്റ പലസ്തീൻകാരനെ ജീപ്പിൽ കെട്ടിവച്ചുകൊണ്ടുപോയത് സൈനികചട്ടങ്ങളുടെ ലംഘനമാണെന്ന് ഇസ്രേലി സേന പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആംരഭിച്ചു.
ശനിയാഴ്ച രാവിലെ വെസ്റ്റ്ബാങ്കിൽ റെയ്ഡ് നടത്തി പിടികൂടിയ ആളെ ഇങ്ങനെ കൊണ്ടുപോകുന്ന വീഡിയോ ഇന്റർനെറ്റിൽ പ്രചരിച്ചിരുന്നു. ജനിനിൽ തീവ്രവാദികൾക്കായി നടത്തിയ റെയ്ഡിനിടെയാണ്, തീവ്രവാദിയെന്നു സംശയിക്കുന്ന ഇയാൾക്കു വെടിയേറ്റത്.
ഇയാളെ കൊണ്ടുപോകാൻ കുടുംബാംഗങ്ങൾ ആംബുലൻസ് ആവശ്യപ്പെട്ടെങ്കിലും ഇസ്രേലി സേന ജീപ്പിന്റെ ബോണറ്റിൽ കെട്ടിവച്ച് ഓടിച്ചുപോകുകയായിരുന്നു. തുടർന്ന് ചികിത്സയ്ക്കായി റെഡ് ക്രസന്റിനു കൈമാറി.
ജനിനിൽ നടത്തിയ തീവ്രവാദവിരുദ്ധ ഓപ്പറേഷനിടെ ഇസ്രേലി സേനയ്ക്കു നേർക്കു വെടിവയ്പുണ്ടായെന്നാണ് അറിയിപ്പ്. ഇസ്രേലി സേനയുടെ പ്രത്യാക്രമണത്തിലാണ് തീവ്രവാദിയെന്നു സംശയിക്കുന്ന ഒരാൾക്കു പരിക്കേറ്റത്. ഇയാളെ സൈനിക നടപടിക്രമങ്ങൾക്കു വിരുദ്ധമായി വാഹനത്തിൽ കെട്ടിവച്ചുകൊണ്ടുപോയി.
ഇസ്രേലി സേനയുടെ മൂല്യമങ്ങൾക്കു നിരക്കാത്ത സംഭവമാണിത്. അന്വേഷണം നടത്തി വേണ്ട നടപടി എടുക്കുമെന്നും ഇസ്രേലി സേന കൂട്ടിച്ചേർത്തു.