ഗാസ വെടിനിർത്തൽ: സർക്കാരിനെ വീഴ്ത്തുമെന്ന് ഇസ്രേലി മന്ത്രിമാർ
Monday, June 3, 2024 3:01 AM IST
ടെൽ അവീവ്: ഗാസ യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അവതരിപ്പിച്ച നിർദേശങ്ങൾക്കെതിരേ ഇസ്രയേലിലെ ധനമന്ത്രി ബസാലെൽ സ്മോട്രിച്ചും ദേശീയസുരക്ഷാ മന്ത്രി ഇത്മാർ ബെൻഗവീറും രംഗത്ത്.
പ്രധാനമന്ത്രി നെതന്യാഹു ഈ നിർദേശങ്ങൾ അംഗീകരിച്ചാൽ സർക്കാരിനുള്ള പിന്തുണ പൻവലിക്കുമെന്നു തീവ്ര നിലപാടുകാരായ ഇരുവരും ഭീഷണി മുഴക്കി. ഹമാസിനെ ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യം കൈവരിച്ചിട്ടു യുദ്ധം നിർത്തിയാൽ മതിയെന്നാണ് ഇരുവരും പറഞ്ഞത്. ഇതിനിടെ, നെതന്യാഹു സർക്കാരിനു പിന്തുണ നല്കാമെന്നു പ്രതിപക്ഷ നേതാവ് യെയിർ ലാപിഡ് പ്രഖ്യാപിച്ചത് പുതിയ രാഷ്ട്രീയ നീക്കങ്ങൾക്കും വഴിതുന്നിട്ടുണ്ട്.
ആറാഴ്ച നീളുന്ന വെടിനിർത്തലോടെ ആരംഭിച്ച് ഇസ്രേലി സേനയുടെ പിന്മാറ്റവും ഗാസയുടെ പുനരുദ്ധാരണവും ഉൾക്കൊള്ളുന്ന പദ്ധതിയാണു ജോ ബൈഡൻ വെള്ളിയാഴ്ച വൈറ്റ്ഹൗസിൽ അവതരിപ്പിച്ചത്. ഇസ്രേലി സർക്കാർ തത്വത്തിൽ അംഗീകരിച്ച പദ്ധതികൂടിയാണിത്.
എന്നാൽ, ഹമാസിനെ നശിപ്പിക്കാതെയും ബന്ദികളെ തിരികെയെത്തിക്കാതെയും യുദ്ധം അവസാനിപ്പിച്ചാൽ സർക്കാരിലുണ്ടാവില്ലെന്നു മന്ത്രി സ്മോട്രിച്ച് പ്രതികരിച്ചു. തീവ്രവാദികൾക്കു വിജയം സമ്മാനിക്കുന്ന ഇടപാട് ഇസ്രയേലിനു ഭീഷണിയാണെന്നു മന്ത്രി ബെൻഗവീറും വ്യക്തമാക്കി.
ഇരു മന്ത്രിമാരുടെയും പിന്തുണയോടെ നാമമാത്ര ഭൂരിപക്ഷത്തിലാണു തെതന്യാഹു സർക്കാർ നിലനിൽക്കുന്നത്. ഇതിനിടെയാണു ബന്ദികളെ തിരികെയെത്തിക്കാനുള്ള ശ്രമത്തിൽ നെതന്യാഹു സർക്കാരിനൊപ്പമുണ്ടാകുമെന്നു പ്രതിപക്ഷ നേതാവ് യെയിർ ലാപിഡ് വ്യക്തമാക്കിയത്. അദ്ദേഹത്തിന്റെ 24 സീറ്റുകളുള്ള യെഷ് അതിദ് പാർട്ടി സർക്കാർ വീഴാതെ നോക്കുമെന്നും ഉറപ്പു നല്കി.
ബൈഡന്റെ നിർദേശങ്ങൾ സർക്കാർ അംഗീകരിക്കണം എന്നാവശ്യപ്പെട്ട് ഇസ്രേലി ജനത വൻ റാലികൾ നടത്തി. പതിനായിരങ്ങൾ പങ്കെടുത്തതായി റിപ്പോർട്ടുകളിൽ പറയുന്നു.