പുടിൻ സത്യപ്രതിജ്ഞ ചെയ്തു
Wednesday, May 8, 2024 1:06 AM IST
മോസ്കോ: വ്ലാദിമിർ പുടിൻ വീണ്ടും റഷ്യൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. ക്രെംലിൻ കൊട്ടാരത്തിലെ സെന്റ് ആൻഡ്രൂസ് സിംഹാസന ഹാളിൽ നടന്ന ചടങ്ങിൽനിന്ന് അമേരിക്കയും ബ്രിട്ടനും അടക്കമുള്ള രാജ്യങ്ങൾ വിട്ടുനിന്നു.
അതേസമയം ഫ്രഞ്ച് അംബാസഡർ പങ്കെടുത്തു. രണ്ടര പതിറ്റാണ്ടായി ഭരണം നടത്തുന്ന പുടിൻ സ്റ്റാലിനു ശേഷം റഷ്യയിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരിക്കുന്ന നേതാവാണ്. 1999-2000, 2008-2012 കാലത്ത് പ്രധാനമന്ത്രിയും 2000-2008 കാലത്തും 2012 മുതലും പ്രസിഡന്റാണ്.
മാർച്ചിലെ തെരഞ്ഞെടുപ്പിൽ 88 ശതമാനം വോട്ടുകളോടെയാണ് പുടിൻ ജയിച്ചത്. ആറു വർഷത്തേക്കാണ് കാലവധി.
പാശ്ചാത്യ ശക്തികളുമായി ചർച്ചയ്ക്കു മടിയില്ലെന്നും ആണവസുരക്ഷ അടക്കമുള്ള കാര്യങ്ങൾ ചർച്ചയാകാമെന്നും പുടിൻ സത്യപ്രതിജ്ഞയ്ക്കുശേഷം പറഞ്ഞു.