നാലു ഹിസ്ബുള്ള ഭീകരരെ ഇസ്രേലി സേന വധിച്ചു
Friday, January 5, 2024 3:05 AM IST
ജറൂസലെം: ലബനനിൽ നാലു ഹിസ്ബുള്ള ഭീകരരെ ഇസ്രേലി സേന വധിച്ചു. നഖൗര ഗ്രാമത്തിലായിരുന്നു ആക്രമണം. ഇസ്രേലി ബോംബാക്രമണത്തിൽ മൂന്നുനില കെട്ടിടം പൂർണമായും തകർന്നു. ഒന്‍പതു നാട്ടുകാർക്കു പരിക്കേറ്റു.
പലസ്തീൻ ഇസ്ലാമിക് ജിഹാദ് നേതാവായ മംദൗഹ് ലോലോയെ വധിച്ചെന്ന് ഇസ്രേലി സേന അറിയിച്ചു. വടക്കൻ ഗാസ കേന്ദ്രമാക്കിയായിരുന്നു ലോലോ പ്രവർത്തിച്ചിരുന്നത്. തെക്കൻ ഗാസയിൽ ഇസ്രേലി സേന ആക്രമണം തുടരുന്നു. ഖാൻ യൂനിസിനു സമീപം അൽ-മവാസിയിൽ ഇസ്രേലി ബോംബാക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു.
സുരക്ഷിതമേഖലയെന്ന് ഇസ്രയേൽ പ്രഖ്യാപിച്ച സ്ഥലമാണ് അൽമവാസി. ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 22,438 ആയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 125 പേർ കൊല്ലപ്പെട്ടു.
ലബനനിലെ ബെയ്റൂട്ടിൽ ഇസ്രേലി ഡ്രോണ്‍ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹമാസ് ഉപ നേതാവ് സാലേ അൽ-അരൂരിയുടെ സംസ്കാരം ഇന്നലെ നടത്തി.