ഇന്ത്യയിലേക്കുള്ള ബ്രിട്ടീഷ് ചരക്കുകപ്പൽ ഹൂതി വിമതർ റാഞ്ചി
Monday, November 20, 2023 12:58 AM IST
സന: തുർക്കിയിൽനിന്ന് ഇന്ത്യയിലേക്കു വരികയായിരുന്ന ചരക്കുകപ്പൽ യെമനിലെ ഹൂതി വിമതർ പിടിച്ചെടുത്തു. ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ളതും ജപ്പാനിലെ ഒരു സ്ഥാപനം ലീസിനെടുത്ത് സർവീസ് നടത്തുന്നതുമായ "ഗാലക്സി ലീഡർ' എന്ന കപ്പലാണ് ഇന്നലെ റാഞ്ചിയത്.
കപ്പലിൽ യുക്രെയ്ൻ, ഫിലിപ്പീൻസ്, മെക്സിക്കോ എന്നീ രാജ്യങ്ങളിൽനിന്നുള്ള 22 ജീവനക്കാരാണുള്ളത്. ഇന്ത്യക്കാരുണ്ടോയെന്നതിൽ വ്യക്തതയില്ല. അതേസമയം, റാഞ്ചുന്പോൾ കപ്പലിൽ 52 പേരുണ്ടെന്നാണ് ലെബനനിലെ മാധ്യമമായ അൽ മയാദീൻ റിപ്പോർട്ട് ചെയ്തത്. ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ളതാണെങ്കിലും ഇസ്രയേലിലെ പ്രമുഖ വ്യവസായി ഏബ്രഹാം യുൻഗാറിനും കപ്പലിൽ ഭാഗിക ഉടമസ്ഥതയുണ്ട്.
യെമനിലെ ദക്ഷിണ ചെങ്കടലിൽവച്ചാണ് കപ്പൽ റാഞ്ചിയതെന്നും ഇത് ഇറാന്റെ പിന്തുണയോടെയുള്ള തീവ്രവാദ പ്രവർത്തനമാണെന്നും ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. സംഭവത്തെ അതീവ ഗൗരവമായാണു കാണുന്നതെന്ന് ഇസ്രേലി പ്രതിരോധ സേനാ വക്താവ് അറിയിച്ചു. ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന വിമത സായുധവിഭാഗമാണ് ഹൂതികൾ.
ഇസ്രയേലിനും ഇസ്രയേലിന്റെ ഉടമസ്ഥതയിലുള്ള കപ്പലുകൾക്കും നേരേ ചെങ്കടലിലും ബാബ് അൽ മാൻഡെബ് കടലിടുക്കിലും ആക്രമണം ശക്തമാക്കുമെന്ന് കഴിഞ്ഞയാഴ്ച ഒരു ഹൂതി നേതാവ് മുന്നറിയിപ്പ് നൽകിയിരുന്നു. ദീർഘദൂര മിസൈലുകളും ഡ്രോണുകളുമുപയോഗിച്ച് ഇസ്രയേലിനു നേരെ കഴിഞ്ഞദിവസങ്ങളിൽ ഹൂതികൾ ആക്രമണം നടത്തിയിരുന്നു.