കിം ജോംഗ് ഉൻ റഷ്യയിൽ
Wednesday, September 13, 2023 1:44 AM IST
വ്ലാഡിവോസ്റ്റോക്: ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ റഷ്യയിലെത്തി. ആഡംബര ബുള്ളറ്റ്പ്രൂഫ് ട്രെയിനിൽ വന്ന കിം ഇന്നലെ കസാൻ നഗരത്തിൽവച്ച് റഷ്യൻ പ്രകൃതിവിഭവ വകുപ്പ് മന്ത്രി അലക്സാണ്ടർ കോസ്ലോവുമായി ചർച്ച നടത്തി.
കിമ്മും റഷ്യൻ പ്രസിഡന്റ് പുടിനും തമ്മിലുള്ള കൂടിക്കാഴ്ച എവിടെ എപ്പോൾ നടക്കുമെന്നതിൽ വ്യക്തതയില്ല. മുൻ റിപ്പോർട്ടുകളിലേതുപോലെ വ്ലാഡിവോസ്റ്റോക് നഗരത്തിൽ നടക്കാൻ സാധ്യതയില്ലെന്നാണ് സൂചന. കിഴക്കൻ റഷ്യയിലെ വോസ്റ്റോച്നി ബഹിരാകാശ കേന്ദ്രത്തിലായിരിക്കും കൂടിക്കാഴ്ച നടക്കാൻ സാധ്യതയെന്ന് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഉത്തരകൊറിയയിൽനിന്ന് 200 കിലോമീറ്റർ അകലെയുള്ള റഷ്യൻ നഗരമായ വ്ലാഡിവോസ്റ്റോക്കിൽ പുടിൻ ഇന്നലെ ഉണ്ടായിരുന്നു.
യുക്രെയ്ൻ യുദ്ധത്തിൽ റഷ്യക്ക് ആയുധം നല്കി സഹായിക്കാൻ കിം തയാറായേക്കുമെന്നാണ് പാശ്ചാത്യശക്തികൾ പറയുന്നത്. ഉത്തരകൊറിയയ്ക്ക് ഭക്ഷണവും മറ്റു സഹായങ്ങളും ചില സാങ്കേതികവിദ്യകളും പുടിൻ നല്കിയേക്കും.