റഷ്യൻ വിമാനം വയലിൽ ഇറക്കി
Wednesday, September 13, 2023 1:44 AM IST
മോസ്കോ: സാങ്കേതിക തകരാറിനെത്തുടർന്ന് റഷ്യൻ യാത്രാവിമാനം വയലിൽ ഇറക്കി. കരിങ്കടൽ നഗരമായ സോചിയിൽനിന്നു സൈബീരിയയിലെ ഓംസ്കിലേക്ക് 167 പേരുമായി പറന്ന ഉറാൾ എയർലൈൻസിന്റെ എയർബസ് വിമാനമാണു തകരാർ നേരിട്ടത്.
സൈബീരിയയിലെ നോവോസിബിർസ്ക് വിമാനത്താവളത്തിൽനിന്ന് 180 കിലോമീറ്റർ അകലെ കാടിനോടു ചേർന്ന പ്രദേശത്താണു പൈലറ്റ് വിമാനം ഇറക്കിയത്. യാത്രക്കാരും വിമാനജീവനക്കാരും സുരക്ഷിതരാണ്. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിൽ തകരാർ ഉണ്ടായെന്നാണു റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
പാശ്ചാത്യരുടെ കടുത്ത ഉപരോധങ്ങൾ മൂലം റഷ്യൻ വ്യോമയാന മേഖല വിമാന പാർട്സുകളുടെ അഭാവം നേരിടുന്നുണ്ട്.