പവർപോയിന്റ് പ്രസന്റേഷൻ സഹസ്ഥാപകൻ ഡെന്നീസ് ഓസ്റ്റിൻ അന്തരിച്ചു
Monday, September 11, 2023 1:02 AM IST
കലിഫോർണിയ: മൈക്രോസോഫ്റ്റ് ഓഫീസ് സ്യൂട്ടിലേക്കു പവർപോയിന്റ് പ്രസന്റേഷനുകൾ ചേർക്കപ്പെടുന്നതിനുമുന്പ് 1985 മുതൽ അതു സോഫ്റ്റ്വേറായി വികസിപ്പിക്കാൻ യത്നിച്ച ശില്പികളിലൊരാൾ ഡെന്നീസ് ഓസ്റ്റിൻ(76)അന്തരിച്ചു.
ശ്വാസകോശ അർബുദത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. കലിഫോർണിയയിലെ ലോസ് അറ്റ്ലോസിലെ വസതിയിൽ സെപ്റ്റംബർ ഒന്നിനായിരുന്നു അന്ത്യം. മകൻ മൈക്കിൾ ഓസ്റ്റിൻ ആണ് ഈ വിവരം പുറത്തുവിട്ടത്.
1996ൽ ഫോർതോട്ട് എന്ന കന്പനിയിൽനിന്നു സോഫ്റ്റ്വേർ എൻജിനിയറായി വിരമിക്കുന്നതുവരെ പവർപോയിന്റ് പ്രസന്റേഷന്റെ ഡെവലപ്പിംഗ് ഓഫീസറായിരുന്നു ഓസ്റ്റിൻ. ഫോർതോട്ട് കന്പനിയുടെ എക്സിക്യൂട്ടീവ് ഓഫീസർ റോബർട്ട് ഗാസ്കിനാണ് പവർപോയിന്റ് പ്രസന്റേഷനായി ഒരു സോഫ്റ്റ്വേർ വികസിപ്പിച്ചത്.
സോഫ്റ്റ്വേർ ഡിസൈനിംഗ് ഓസ്റ്റിന്റെ ചുമതലയായിരുന്നു. 1987ൽ ഫോർതോട്ട് പവർപോയിന്റ് പ്രസന്റേഷൻ സോഫ്റ്റ്വേർ പതിപ്പ് പുറത്തിറക്കി. മാസങ്ങൾക്കുശേഷം ഈ സാങ്കേതികവിദ്യ മൈക്രോസോഫ്റ്റ് 14 മില്യൻ ഡോളറിന് ഫോർതോട്ടിൽനിന്നു കൈവശപ്പെടുത്തി.
പ്രതിദിനം മൂന്നുകോടി പവർപോയിന്റ് പ്രസന്റേഷനുകൾ ലോകമെന്പാടും നടക്കുന്നതായാണു റിപ്പോർട്ടുകൾ. കോർപറേറ്റ് കന്പനികളുടെ മീറ്റിംഗുകളിലും സൈനിക പരിശീലനങ്ങൾക്കും അധ്യാപനത്തിലും പവർപോയിന്റ് പ്രസന്റേഷൻ അവിഭാജ്യഘടകമാണ്.
ഡെന്നീസ് ആയിരുന്നില്ല പവർപോയിന്റ് ഡിസൈൻ ചെയ്തിരുന്നതെങ്കിൽ അതു വെളിച്ചംകാണില്ലായിരുന്നുവെന്ന് തന്റെ ‘സ്വീറ്റിംഗ് ബുള്ളറ്റ്സ്-നോറ്റ്സ് എബൗട്ട് ഇൻവെന്റിംഗ് പവർപോയിന്റ്’ എന്ന പുസ്തകത്തിൽ റോബർട്ട് ഗാസ്കിൻ എഴുതി.