മൊറോക്കോയിലെ ഭൂകന്പത്തിൽ മരണസംഖ്യ ഉയരും
Sunday, September 10, 2023 12:17 AM IST
റബാത്ത്: മൊറോക്കോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂകന്പമാണ് വെള്ളിയാഴ്ച രാത്രി 11.11-നുണ്ടായത്. മാരക്കെഷിൽ യുനസ്കോയുടെ പൈതൃകപദവിയുള്ള ഓൾഡ് സിറ്റിയിലെ ഒട്ടനവധി കെട്ടിടങ്ങൾ നിലംപൊത്തി. ആയിരത്തിലധികം പേരുടെ ജീവനെടുത്ത ഭൂകന്പം 6.8 തീവ്രത രേഖപ്പെടുത്തിയെന്നാണ് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചത്.
അർധരാത്രിയുണ്ടായ ഉഗ്രൻ കുലുക്കത്തിൽ ജീവനോടെ അവശേഷിച്ചവർ തെരുവുകളിലേക്കോടി. 19 മിനിട്ടിനുശേഷം 4.9 തീവ്രതയോടെ തുടർചലനമുണ്ടായി. ഇനിയും ഭൂകന്പമുണ്ടാകുമെന്ന ഭീതിയിൽ ജനങ്ങൾ രാത്രി കഴിച്ചുകൂട്ടിയത് തെരുവിലാണ്.
മാരക്കെഷിന് 71 കിലോമീറ്റർ തെക്കുപടിഞ്ഞാറ് ഹൈ അറ്റ്ലസ് മലകളിലാണ് ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രം. 350 കിലോമീറ്റർ അകലെ തലസ്ഥാനമായ റബാത്തിലും രാജ്യത്തെ ഏറ്റവും വലിയ നഗരമായ കാസാബ്ലാങ്കയിലും ചലനം അനുഭവപ്പെട്ടു.
അൽഹൗസ് പ്രവിശ്യ, മാരക്കെഷ്, ഔർസാസേറ്റ്, അസിലാൽ, ചിച്ചാവോ, തരൗഡന്റ് നഗരങ്ങളിൽ ഭൂകന്പം ദുരന്തം വിതച്ചു. മലയോരഗ്രാമങ്ങളിലെ ദുർബലമായ ഭവനങ്ങളെല്ലാംതന്നെ തകർന്നടിഞ്ഞതായി കരുതുന്നു. അവശിഷ്ടങ്ങൾക്കിടയിൽ ഒട്ടേറെപ്പേർ കുടുങ്ങിയതായി സംശയമുണ്ട്. വരുംദിവസങ്ങളിൽ മരണസംഖ്യ ഉയരാനാണു സാധ്യത. മാരക്കെഷിലെ ആശുപത്രികൾ പരിക്കേറ്റവരാൽ നിറഞ്ഞു.
വിനോദസഞ്ചാരത്തിനു പേരുകേട്ട മാരക്കെഷിലെ പുരാതന കെട്ടിടങ്ങളുടെ നാശം വിലമതിക്കാനാവാത്തതായിരിക്കും. മധ്യകാലഘട്ടത്തിലെ മോസ്കുകളും മൊസൈക്ക് പാകിയ ഇടുങ്ങിയ വഴികളും നിറഞ്ഞ ഓൾഡ് സിറ്റിയിലെ കെട്ടിടങ്ങൾ നിലംപൊത്തുന്നതിന്റെ ഒട്ടേറെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
പ്രാർഥനയോടെ ഫ്രാൻസിസ് മാർപാപ്പ
വത്തിക്കൻ സിറ്റി: മൊറോക്കോ ഭൂകന്പത്തിൽ ദുഃഖം പ്രകടിപ്പിച്ച ഫ്രാൻസിസ് മാർപാപ്പ, ദുരന്തബാധിതർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു.
ദുരന്തത്തിൽ മരിച്ചവർക്കു വേണ്ടിയും പരിക്കേറ്റവർക്കു വേണ്ടിയും മാർപാപ്പ പ്രാർഥിച്ചു. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദനയിൽ പങ്കുചേരുന്നതായി മാർപാപ്പ അറിയിച്ചു. ദുരന്തമേഖലയിൽ പ്രവർത്തിക്കുന്ന രക്ഷാപ്രവർത്തകരെ അദ്ദേഹം അനുസ്മരിച്ചു.
മൊറോക്കോയ്ക്കൊപ്പം ലോകം: മോദി
ന്യൂഡൽഹി: ലോകം മൊത്തം മൊറോക്കോയ്ക്കൊപ്പമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സാധ്യമായ എല്ലാ സഹായവും നല്കുന്നതിന് സന്നദ്ധമാണ്. പരിക്കേറ്റവർ വേഗം സുഖംപ്രാപിക്കട്ടെയെന്നു പ്രാർഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മോറോക്കോ നേരിട്ട ദുരന്തത്തിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെരസ് ദുഃഖിതനാണെന്നും വേണ്ട സഹായങ്ങൾ നല്കാൻ യുഎൻ സന്നദ്ധമാണെന്നും സംഘടനാ വക്താവ് സ്റ്റീഫൻ ദുഴാറിക് പറഞ്ഞു.
അമേരിക്ക എല്ലാവിധ സഹായവും നല്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രസ്താവനയിൽ അറിയിച്ചു.
ആഫ്രിക്കൻ യൂണിയൻ, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, തുർക്കി പ്രസിഡന്റ് എർദോഗൻ തുടങ്ങിയവരും ചൈന, തായ്വാൻ, യുഎഇ, സ്പെയിൻ, ഖത്തർ രാജ്യ നേതാക്കളും അനുശോചനം അറിയിക്കുകയും സഹായങ്ങൾ വാഗ്ദാനം ചെയ്യുകയുമുണ്ടായി.