അണക്കെട്ട് തകർച്ച: 17,000 പേരെ ഒഴിപ്പിച്ചു
Thursday, June 8, 2023 2:42 AM IST
കീവ്: കഖോവ്ക അണക്കെട്ട് തകർക്കപ്പെട്ടതുമൂലം വെള്ളത്തിനടിയിലായ പ്രദേശങ്ങളിൽനിന്ന് 17,000 പേരെ ഒഴിപ്പിച്ചുമാറ്റിയതായി യുക്രെയ്ൻ അറിയിച്ചു.
നിപ്രോ നദീതീരത്തെ 24 ഗ്രാമങ്ങളിൽ പ്രളയമുണ്ടായി. 40,000 പേർ അപകടം നേരിടുകയാണ്. ഖേർസൺ നഗരത്തിന്റെ പലഭാഗങ്ങളിലും വെള്ളമുയർന്നു. റഷ്യൻ അധിനിവേശ ഖേർസണിൽ 25,000 പേർ കുടുങ്ങിയിട്ടുണ്ട്.
ജലവൈദ്യുതി പദ്ധതിയിലെ യന്ത്രങ്ങളിൽനിന്ന് 150 ടൺ എൻജിൻ ഓയിൽ ചോർന്നത് വലിയ പരിസ്ഥിതി നാശമുണ്ടാക്കിയേക്കും. വെള്ളപ്പൊക്കത്തിൽ 12 ലക്ഷം ഏക്കർ ഭൂമിയിലെ കൃഷി നശിക്കുമെന്ന് അനുമാനിക്കുന്നതായി കൃഷിമന്ത്രി മൈക്കോള സോൾസ്കി പറഞ്ഞു.
അധിനിവേശ റഷ്യയുടെ നിയന്ത്രണത്തിലുള്ള അണക്കെട്ട് ചൊവ്വാഴ്ച പുലർച്ചെ തകർന്നതിൽ യുക്രെയ്നും റഷ്യയും പരസ്പരം കുറ്റപ്പെടുത്തൽ തുടരുകയാണ്. യുക്രെയ്ൻ ആസൂത്രണം ചെയ്തിരിക്കുന്ന പ്രത്യാക്രമണം തടസപ്പെടുത്താനായി റഷ്യ അണക്കെട്ടു തകർത്തതാണെന്നു പ്രസിഡന്റ് സെലൻസ്കി ആരോപിച്ചു. പ്രത്യാക്രമണം ഉദ്ദേശിച്ച രീതിയിൽത്തന്നെ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, യുക്രെയ്ൻ സേന ഒട്ടനവധി ആക്രമണങ്ങളിലൂടെ അണക്കെട്ട് തകർക്കുകയായിരുന്നുവെന്നു ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് ആരോപിച്ചു.
യൂറോപ്യൻ യൂണിയൻ നേതാക്കൾ റഷ്യക്കു നേർക്കു വിരൽചൂണ്ടുകയാണുണ്ടായത്. അന്വേഷണത്തിലൂടെ സ്ഥിരീകരിച്ചശേഷം പറയാമെന്നാണ് അമേരിക്കയും ബ്രിട്ടനും പ്രതി കരിച്ചത്.
സാപ്പോറിഷ്യ അണുശക്തിനിലയം സുരക്ഷിതം
വിയന്ന: കഖോവ്ക അണക്കെട്ട് തകർന്നതുമൂലം സാപ്പോറിഷ്യ അണുശക്തി വൈദ്യുതിനിലയത്തിനു സുരക്ഷാഭീഷണി ഇല്ലെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി അറിയിച്ചു. നിലത്തിലെ ശീതീകരണ സംവിധാനം പ്രവർത്തിക്കുന്നതു നിപ്രോ നദിയിലെ ജലം ഉപയോഗിച്ചാണ്.
അണക്കെട്ടിൽനിന്ന് 150 കിലോമീറ്റർ മുകളിലാണു നിലയം. അണക്കെട്ട് തകർന്നതുമൂലം നിലത്തിലെ ജലസംഭരണിയിൽ വെള്ളം കുറഞ്ഞിട്ടുണ്ട്. ഇതു പരിഹരിക്കാൻ ബാക്ക് അപ് സംവിധാനമുണ്ട്. നിലവിൽ സുരക്ഷാപ്രശ്നം ഇല്ലെന്ന് നിലയത്തിലുള്ള ആണവോർജ ഏജൻസി സംഘം അറിയിച്ചു.
അതേസമയം, ചേർബോലിനു ശേഷം യുക്രെയ്ൻ മറ്റൊരു ആണവദുരന്തത്തിന്റെ വക്കിലെത്തിയെന്നു യുക്രെയ്ൻ നേതൃത്വം പ്രതികരിച്ചത്.
യൂറോപ്പിലെ ഏറ്റവും വലിയ അണുശക്തിനിലയമായ സാപ്പോറിഷ്യ കഴിഞ്ഞവർഷം അധിനിവേശത്തിന്റെ തുടക്കത്തിൽത്തന്നെ റഷ്യ പിടിച്ചെടുത്തതാണ്. ഇവിടത്തെ ആറു റിയാക്ടറുകളും നിർത്തിവച്ചിരിക്കുകയാണ്.