പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ ബെലാറൂസ് പ്രസിഡന്റ് ഗുരുതരാവസ്ഥയിൽ
Tuesday, May 30, 2023 12:24 AM IST
മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ ബെലാറൂസിയൻ പ്രസിഡന്റ് അലക്സാണ്ടർ ലൂക്കാഷെങ്കോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണു റിപ്പോർട്ട്.
ബെലാറൂസിലെ പ്രതിപക്ഷനേതാവ് വലേരി സെപ്കാലോയെ ഉദ്ധരിച്ച് അമേരിക്കൻ മാസികയായ ന്യൂസ് വീക്ക് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. റഷ്യയുടെ ഉറ്റ സുഹൃത്താണ് ലൂക്കാഷെങ്കോ. റഷ്യയുടെ യുക്രെയ്ൻ യുദ്ധത്തെ ബെലാറൂസ് അനുകൂലിക്കുന്നു.
മോസ്കോയിലെ സെൻട്രൽ ക്ലിനിക്കൽ ആശുപത്രിയിൽ ഗുരുതരനിലയാണ് ലൂക്കാഷെങ്കോ എന്നാണു റിപ്പോർട്ട്. ലൂക്കാഷെങ്കോയുടെ ചികിത്സയ്ക്കായി റഷ്യ വിദഗ്ധ സംഘത്തെ നിയോഗിച്ചതായും വലേറി സെപ്കാലോ ടെലഗ്രാം പോസ്റ്റിൽ അറിയിച്ചു.
2020ൽ ലൂക്കാഷെങ്കോയ്ക്കെതിരേ പ്രസിഡന്റ് സ്ഥാനാർഥിയായി മത്സരിച്ചയാളാണു സെപ്കാലോ. മോസ്കോയിലെ റെഡ് സ്ക്വയറിൽ മേയ് ഒന്പതിനു നടന്ന വിക്ടറി ഡേ ആഘോഷ പരിപാടിയിൽ പങ്കെടുത്തതിനു പിന്നാലെ ലൂക്കാഷെങ്കോയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. 1994 മുതൽ അലക്സാണ്ടർ ലൂക്കാഷെങ്കോയാണു ബെലാറൂസ് ഭരിക്കുന്നത്.