54 വർഷമെടുത്ത ബിരുദപഠനം
Sunday, May 28, 2023 2:59 AM IST
വാൻകൂവർ: 71-ാം വയസിൽ ബിരുദം നേടി എന്നതല്ല ആർതർ റോസിനെ വ്യത്യസ്തനാക്കുന്നത്; ആ ബിരുദം നേടാൻ 54 വർഷമെടുത്തു എന്നതാണ്. കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയ(യുബിസി)യിൽ നിന്നു ബിഎ പാസായ ഇദ്ദേഹം ‘ലോകത്തിലെ ഏറ്റവും മന്ദഗതിക്കാരനായ വിദ്യാർഥി’ എന്നാണു സ്വയം വിശേഷിപ്പിക്കുന്നത്.
1969ലാണ് ആർതർ റോസ് യുബിസിയിൽ ബിരുദപഠനത്തിനു ചേരുന്നത്. ഇംഗ്ലീഷായിരുന്നു വിഷയം. രണ്ടാം വർഷത്തിൽ നാടകാഭിനയത്തിൽ ഭ്രമം പിടിച്ചു.
നാടക ഡിപ്പാർട്ട്മെന്റിലായി ഭൂരിഭാഗം സമയവും. കാനഡയിലെ പ്രമുഖ അഭിനേതാക്കളായ നിക്കാളാ കാവെൻഡിഷ്, ലാറി ലില്ലോ തുടങ്ങിയവരെയൊക്കെ ഇവിടെവച്ചു പരിചയപ്പെട്ടു. പൂർണശ്രദ്ധയും നാടകത്തിൽ കേന്ദ്രീകരിക്കാനുറച്ച് മോൺട്രിയോളിലെ നാഷണൽ തിയറ്റർ സ്കൂൾ ഓഫ് കാനഡയിൽ മൂന്നു വർഷത്തെ കോഴ്സിനു ചേർന്നു. പഠനം പൂർത്തിയായപ്പോഴേക്കും നല്ലൊരു നല്ല അഭിനേതാവ് ആണെങ്കിലും ഏറ്റവും മികച്ചയാളൊന്നുമല്ലെന്നു റോസിന് ഉറപ്പായി. നാടകത്തോടു വിടപറഞ്ഞ് 1975ൽ ടൊറൊന്റോയിൽ നിയമപഠനത്തിനു ചേർന്നു. നിയമത്തിൽ ഡിഗ്രി എടുത്തശേഷം 35 വർഷം സിവിൽ അഭിഭാഷകനായി ജോലി ചെയ്തു.
2016ൽ വിരമിച്ച റോസ്, ശിഷ്ടജീവിതം വിശ്രമത്തിനോ യാത്രയ്ക്കോ നീക്കിവയ്ക്കാതെ യുബിസിയിലെ ബിരുദ പഠനം പൂർത്തിയാക്കാനാണു തീരുമാനിച്ചത്.
2017 ജനുവരിയിൽ വീണ്ടും യൂണിവേഴ്സിറ്റിയിൽ പാർട്ട് ടൈം വിദ്യാർഥിയായി. ഇത്തവണ ചരിത്രമായിരുന്നു വിഷയം. പൂർത്തിയാക്കാൻ അഞ്ചു വർഷമെടുത്തു. അറിയാനും പഠിക്കാനുമുള്ള ത്വരയാണു തന്റെ പ്രചോദനമെന്നു റോസ് പറയുന്നു.