ചൈനയ്ക്ക് ജി-7ന്റെ മുന്നറിയിപ്പ്
Sunday, May 21, 2023 1:04 AM IST
ഹിരോഷിമ: ഏഷ്യ-പസഫിക് മേഖലയിലെ സൈനിക നീക്കങ്ങളിൽ ചൈനയ്ക്കു മുന്നറിയിപ്പു നല്കി സന്പന്നരാജ്യങ്ങളുടെ കൂട്ടായ്മയായ ജി-7. അതേസമയം ലോകത്തിലെ രണ്ടാമത്തെ സാന്പത്തികശക്തിയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും ജി-7 വ്യക്തമാക്കി.
ജപ്പാനിലെ ഹിരോഷിമയിൽ ഉച്ചകോടി നടത്തുന്ന ജി-7 രാഷ്ട്രനേതാക്കൾ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ചൈനയുടെ സാന്പത്തിക, സൈനികനയങ്ങളിൽ ആശങ്ക പ്രകടിപ്പിക്കുന്നു. അതോടൊപ്പം ചൈനയുമായി സഹകരണത്തിന്റെ പാത തുറന്നിടുകയും ചെയ്യുന്നു.
ജി-7ന്റെ നയങ്ങൾ ചൈനയെ ഉപദ്രവിക്കാനുള്ളതല്ല. ചൈനയുടെ വികസനവും സാന്പത്തികപുരോഗതിയും തടസപ്പെടുത്താൻ ആഗ്രഹിക്കുനനില്ല. ചൈനയുടെ പ്രാധാന്യം അംഗീകരിക്കുകയും തങ്ങൾക്കുള്ള ഉത്കണ്ഠകൾ സുതാര്യമായി പ്രകടിപ്പിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു.
കിഴക്കൻ, തെക്കൻ ചൈനാക്കടലുകളിൽ ചൈന നടത്തുന്ന സൈനിക നീക്കങ്ങൾ അംഗീകരിക്കാൻ കഴിയില്ല. യുക്രെയ്ൻ അധിനിവേശം ഉടൻ അവസാനിപ്പിക്കാൻ റഷ്യയ്ക്കുമേൽ ചൈന സമ്മർദം ചെലുത്തണമെന്നും ജി-7 ആവശ്യപ്പെട്ടു.