റഷ്യക്കെതിരേ കൂടുതൽ ഉപരോധങ്ങളുമായി ജി-7
Saturday, May 20, 2023 1:32 AM IST
ഹിരോഷിമ: റഷ്യയെ ഞെരുക്കാനായി കൂടുതൽ ഉപരോധങ്ങൾ ചുമത്തുന്നതിനു സന്പന്നരാജ്യങ്ങളുടെ കൂട്ടായ്മയായ ജി-7 തീരുമാനിച്ചു. റഷ്യൻ പട്ടാളം ഉപാധികളില്ലാതെ ഉടൻതന്നെ യുക്രെയ്നിൽനിന്നു പിന്മാറണമെന്നും ജപ്പാനിലെ ഹിരോഷിമയിൽ നടക്കുന്ന ജി-7 ഉച്ചകോടി ആവശ്യപ്പെട്ടു.
യുദ്ധത്തിനു സഹായകരമായ സാങ്കേതികവിദ്യ, വ്യാവസായിക ഉപകരണങ്ങൾ, സേവനങ്ങൾ എന്നിവയുടെ കയറ്റുമതിയായിരിക്കും നിരോധിക്കുക. യുദ്ധത്തിൽ റഷ്യയെ സഹായിക്കുന്ന ഗ്രൂപ്പുകൾക്കെതിരേയും ഉപരോധം ചുമത്തും. യുക്രെയ്ന് സാന്പത്തിക, സൈനിക, നയതന്ത്ര, ജീവകാരുണ്യ സഹായങ്ങൾ വർധിപ്പിക്കും.
യുക്രെയ്ന്റെ പരമാധികാര പ്രദേശത്തുനിന്നു റഷ്യൻ പട്ടാളവും പട്ടാള ഉപകരണങ്ങളും ഉടൻതന്നെ ഉപാധികളില്ലാതെ പിൻവലിക്കാതെ സമാധാനം സാധ്യമാകില്ല. യുക്രെയ്നു പാശ്ചാത്യശക്തികൾ നല്കുന്ന പിന്തുണയിൽ ഇളക്കമില്ല. റഷ്യയുടെ നിയമവിരുദ്ധ യുദ്ധത്തിനെതിരേ ജി-7 എന്നും നിലകൊള്ളുമെന്നും പ്രസ്താവനയിൽ അറിയിച്ചു. റഷ്യയെ സഹായിക്കുന്ന രാജ്യങ്ങളും കന്പനികളും ഉപരോധം നേരിടേണ്ടിവരും.
റഷ്യയിൽനിന്നുള്ള വജ്ര ഇറക്കുമതി ബ്രിട്ടൻ നിരോധിക്കുന്നതായി പ്രധാനമന്ത്രി ഋഷി സുനാക് അറിയിച്ചു. ഒട്ടും പിന്നോട്ടില്ല എന്ന സന്ദേശമാണ് റഷ്യൻ പ്രസിഡന്റ് പുടിനു നല്കാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.