സിറിയൻ പ്രസിഡന്റ് അസാദ് അറബ് ഉച്ചകോടിയിൽ
Saturday, May 20, 2023 1:32 AM IST
ജിദ്ദ: പന്ത്രണ്ടു വർഷത്തിനുശേഷം അറബ് ലീഗിൽ തിരിച്ചെടുക്കപ്പെട്ട സിറിയയുടെ പ്രസിഡന്റ് ബഷാർ അൽ അസാദ് ഇന്നലെ സൗദിയിലെ ജിദ്ദയിൽ നടന്ന ലീഗ് ഉച്ചകോടിയിൽ പങ്കെടുത്തു. വ്യാഴാഴ്ച രാത്രിയാണ് അസാദ് ജിദ്ദയിലെത്തിയത്.
അസാദ് ഭരണകൂടം വിമതരെ അടിച്ചമർത്താൻ തുടങ്ങിയപ്പോഴാണു ലീഗിൽനിന്നു സിറിയയെ പുറത്താക്കിയത്. റഷ്യയുടെയും ഇറാന്റെയും പിന്തുണയോടെ അസാദ് അധികാരം ഭദ്രമാക്കിയ സാഹചര്യത്തിൽ സൗദി അടക്കമുള്ളവർ തിരിച്ചെടുക്കാൻ തീരുമാനിക്കുകയായിരുന്നു. ഫെബ്രുവരിയിൽ സിറിയയിലുണ്ടായ വൻ ഭൂകന്പവും അറബ് മേഖലയിൽ ചൈന നടത്തുന്ന നയതന്ത്രനീക്കങ്ങളും തിരിച്ചെടുക്കലിന് ആക്കം കൂട്ടി.
ബുധനാഴ്ച ജിദ്ദയിൽ നടന്ന വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ സൗദി വിദേശമന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് സിറിയയെ ലീഗിലേക്ക് ഔദ്യോഗികമായി സ്വാഗതം ചെയ്തു. സിറിയയിലെ ആഭ്യന്തരപ്രശ്നങ്ങൾ അവസാനിക്കുന്നതിന്റെ തുടക്കമാകട്ടെ ഇതെന്ന് അറബ് ലീഗ് സെക്രട്ടറി ജനറൽ അഹമ്മദ് അബൗൽ ഗെയ്ത് ആശംസിച്ചു.
അതേസമയം, ലീഗിൽ തിരിച്ചെടുക്കപ്പെടാനുള്ള യോഗ്യത സിറിയയ്ക്കില്ലെന്ന് അമേരിക്ക പ്രതികരിച്ചു. സിറിയയുമായി ബന്ധം മെച്ചപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും കൂട്ടിച്ചേർത്തു.