സെലൻസ്കി ജിദ്ദയിൽ; ജി-7ലും പങ്കെടുക്കും
Saturday, May 20, 2023 1:32 AM IST
ജിദ്ദ: യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി അപ്രതീക്ഷിതമായി ജിദ്ദയിലെത്തി അറബ് ലീഗ് ഉച്ചകോടിയിൽ പങ്കെടുത്തു. റഷ്യൻ അധിനിവേശ പ്രദേശങ്ങളിലെ രാഷ്ട്രീയത്തടവുകാരുടെ മോചനം ചർച്ച ചെയ്യുന്നതിനാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.
റഷ്യയെ ആഗോളതലത്തിൽ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളുടെ ഭാഗമായിട്ടാണു സെലൻസ്കി ജിദ്ദയിലെത്തിയത്. ജപ്പാനിലെ ഹിരോഷിമയിൽ നടക്കുന്ന ജി-7 ഉച്ചകോടിയിലും അദ്ദേഹം നേരിട്ടു പങ്കെടുക്കുമെന്നാണു റിപ്പോർട്ടുകൾ.
അറബ് ലീഗിലെ 22 അംഗങ്ങളിൽ സിറിയ മാത്രമാണു പരസ്യമായി റഷ്യക്കു പിന്തുണ നല്കുന്നത്. നിഷ്പക്ഷത പുലർത്തുന്നുവെന്ന് അവകാശപ്പെടുന്ന സൗദി അടക്കമുള്ള രാജ്യങ്ങൾ റഷ്യയെ പൂർണമായും തള്ളിപ്പറയാൻ കൂട്ടാക്കിയിട്ടില്ല.