കൊളംബിയയിൽ വിമാനം തകർന്ന് കാട്ടിൽ അകപ്പെട്ട കുട്ടികൾക്കായി തെരച്ചിൽ തുടരുന്നു
Saturday, May 20, 2023 1:32 AM IST
ബെഗോട്ട: രണ്ടാഴ്ചമുന്പ് കൊളംബിയയിൽ വിമാനം തകർന്നു കാണാതായ നാലു കുട്ടികൾക്കായി സൈന്യം തെരച്ചിൽ തുടരുന്നു.
19, ഒന്പത്, നാല്, 11 മാസം പ്രായമുള്ള കുട്ടികളെ ആമസോൺ വനത്തിനുള്ളിൽ കണ്ടെത്തിയതായി പ്രസിഡന്റ് ഗുസ്താവോ പെദ്രോ ബുധനാഴ്ച ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ, ശിശുക്ഷേമ മന്ത്രാലയം നല്കിയ വിവരത്തിന്റ അടിസ്ഥാനത്തിൽ നടത്തിയ ട്വീറ്റ് തെറ്റായിരുന്നുവെന്നു പറഞ്ഞ് അദ്ദേഹം പിന്നീട് നീക്കംചെയ്യുകയുണ്ടായി.
മേയ് ഒന്നിനാണ് ഇവരും അമ്മയടക്കം രണ്ടു മുതിർന്നവരും കയറിയ ചെറുവിമാനം തെക്കൻ കൊളംബിയയിലെ ഗ്വാവിയാരേ മേഖലയിലുള്ള വനത്തിൽ തകർന്നുവീണത്. രണ്ട് മുതിർന്നവരുടെയും പൈലറ്റിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയെങ്കിലും കുട്ടികളെക്കുറിച്ച് വിവരം ലഭിച്ചില്ല.
മരച്ചില്ലകളും ഇലകളുംകൊണ്ടു നിർമിച്ച കൂടാരം കാട്ടിൽ കണ്ടെത്തിയ സാഹചര്യത്തിൽ കുട്ടികൾ അപകടത്തെ അതിജീവിച്ചതായി കരുതുന്നു. എന്നാൽ ഇതുവരെ അവരെ കണ്ടെത്താനായിട്ടില്ല. ആദിവാസി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കു കാട് പരിചിതമാണ്.
രക്ഷാപ്രവർത്തകർ കുട്ടികളെ കണ്ടെത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ടെന്ന് കൊളംബിയ കുടുംബക്ഷേമ ഇൻസ്റ്റിറ്റ്യൂട്ട് മേധാവി ആസ്ട്രിഡ് കാസെറസ് പറഞ്ഞു. നാലുപേരും ജീവനോടെയുണ്ടെന്നതിൽ തനിക്കുറപ്പുണ്ടെന്നും ഫോട്ടോയടക്കമുള്ള തെളിവുകൾ ലഭിക്കേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.