വത്തിക്കാനിലേക്ക് കാർ ഓടിച്ചുകയറ്റിയ ആൾ പിടിയിൽ
Saturday, May 20, 2023 1:32 AM IST
വത്തിക്കാൻ സിറ്റി: വത്തിക്കാനിലേക്ക് അതിവേഗത്തിൽ കാർ ഓടിച്ചുകയറ്റിയ ആൾ പിടിയിൽ. സാന്താ അന്ന ഗേറ്റിലൂടെയാണ് ഇയാൾ കാറോടിച്ചുകയറ്റിയത്. അവിടെയുണ്ടായിരുന്ന ഗാർഡ് കാറിനു നേരെ വെടിയുതിർത്തെങ്കിലും സാൻ ദമാസോ ചത്വരത്തിലേക്ക് കാർ ഓടിച്ചുകയറ്റി. തുടർന്ന് അക്രമിയെ പോലീസുകാർ കീഴ്പ്പെടുത്തി.
വ്യാഴാഴ്ച രാത്രി എട്ടിനാണു സംഭവം. അതിക്രമിച്ചു കയറുന്നതിനു മുന്പ് കാറുമായി വന്ന ഇയാളെ ഒരുതവണ പറഞ്ഞുവിട്ടിരുന്നു. തിരിച്ചുപോയശേഷം ഇയാൾ അതിവേഗം, പാതിതുറന്നു കിടന്ന ഗേറ്റിലൂടെ കാർ ഓടിച്ചുകയറ്റുകയായിരുന്നു. സ്വിസ് ഗാർഡിന്റെയും വത്തിക്കാൻ പോലീസിന്റെയും നിയന്ത്രണങ്ങൾ മറികടന്നാണ് ഇയാൾ, രാഷ്ട്രത്തലവന്മാരെ സ്വീകരിക്കുന്ന സാൻ ദമാസോ ചത്വരം വരെയെത്തിയത്.
സുരക്ഷാസേന അറസ്റ്റ് ചെയ്തയാൾക്ക് നാൽപ്പതു വയസ് പ്രായമുണ്ട്. ഇയാൾക്ക് മാനസികപ്രശ്നങ്ങളുള്ളതായി ഡോക്ടർമാരുടെ പരിശോധനയ്ക്കുശേഷം അഭിപ്രായപ്പെട്ടു. പോലീസ് ബാരക്കിന്റെ പുതിയ കെട്ടിടത്തിലെ ജയിലിലാണ് അക്രമിയെ പാർപ്പിച്ചിരിക്കുന്നത്.