ന്യൂയോർക്ക് ഭീകരാക്രമണം: 10 ജീവപര്യന്തവും 260 വർഷവും തടവ്
Friday, May 19, 2023 12:54 AM IST
ന്യൂയോർക്ക്: ഒന്പതു പേർ കൊല്ലപ്പെട്ട ന്യൂയോർക്ക് ഭീകരാക്രമണത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവിയായ ഉസ്ബക് വംശജൻ സെയ്ഫുള്ളോ സെയ്പോവി(35)നു കോടതി പത്തു ജീവപര്യന്തത്തിനു പുറമേ 260 വർഷത്തെ തടവും വിധിച്ചു.
2017ലെ ഹാലോവീൻ ആഘോഷത്തിന്റെ തലേന്നു മാൻഹാട്ടൻ തെരുവിലൂടെ പിക്കപ് വാൻ ഓടിച്ച് കാൽനടയാത്രക്കാരെയും സൈക്കിൾ യാത്രക്കാരെയും കൊല്ലുകയായിരുന്നു. 12 പേർക്കു പരിക്കേൽക്കുകയുമുണ്ടായി.
9/11 നുശേഷം അമേരിക്ക കണ്ട ഏറ്റഴും വലിയ ഭീകരാക്രമണമായിരുന്നിത്. അർജന്റീനയിൽനിന്നുള്ള അഞ്ചു വിനോദസഞ്ചാരികളും ഒരു ബെൽജിയൻ വനിതയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
സെയ്പോവ് പിക്കപ് വാനിൽനിന്ന് ഇറങ്ങുന്നതിനിടെ പോലീസ് വെടിവച്ചു പിടികൂടുകയായിരുന്നു. വിചാരണയ്ക്കിടെ ഇയാൾ ഒരിക്കൽപ്പോലും കുറ്റബോധം പ്രകടിപ്പിച്ചില്ല. ഇസ്ലാമിക് സ്റ്റേറ്റിൽ അംഗത്വം ലഭിക്കാൻവേണ്ടിയാണു പ്രതി ഹീനകൃത്യം നടത്തിയതെന്നു പ്രോസിക്യൂട്ടർമാർ കോടതിയിൽ ചൂണ്ടിക്കാട്ടി.