രാജിതീരുമാനത്തിൽ ഖേദമില്ലെന്നു ജസിൻഡ ആർഡേൺ
Saturday, January 21, 2023 1:15 AM IST
വെല്ലിംഗ്ടൺ: പ്രധാനമന്ത്രിസ്ഥാനം രാജിവയ്ക്കാനുള്ള തീരുമാനത്തിൽ ഖേദമില്ലെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേൺ. ജസിൻഡയുടെ തീരുമാനം ഒരേസമയം ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഞെട്ടിച്ചിരിക്കുകയാണ്. പകരം പ്രധാനമന്ത്രിയായി ആരെയും നിർദേശിക്കില്ലെന്നും അവർ വ്യക്തമാക്കി. ഒക്ടോബറിൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ലേബർ പാർട്ടി അധികാരം നിലനിർത്തുമെന്ന കാര്യത്തിൽ സംശയമാണ്.
വളരെ നാളുകൾക്കുശേഷം സുഖമായി ഉറങ്ങിയെന്ന് വെള്ളിയാഴ്ച നേപ്പിയർ വിമാനത്താവളത്തിനു പുറത്ത് മാധ്യമപ്രവർത്തകരോട് ജസിൻഡ പറഞ്ഞു. ലേബർ പാർട്ടി പ്രവർത്തകർ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിലും അവർ പങ്കെടുത്തു. കുടുംബവുമൊത്ത് കൂടുതൽ സമയം ചെലവഴിക്കാനാണ് പ്രധാനമന്ത്രിപദമൊഴിയുന്നതെന്ന് വ്യാഴാഴ്ച രാജിപ്രഖ്യാപനം നടത്തവേ ജസിൻഡ പറഞ്ഞിരുന്നു.
ഫെബ്രുവരി ഏഴിനാണ് ജസിൻഡ ഔദ്യോഗികമായി പ്രധാനമന്ത്രി സ്ഥാനയൊഴിയുന്നത്. പുതിയ നേതാവിനെ കണ്ടെത്തുന്നതിനായി ഞായറാഴ്ച ലേബർ പാർട്ടി അംഗങ്ങൾ യോഗം ചേരും. മൂന്നിൽ രണ്ട് അംഗങ്ങളുടെ പിന്തുണ ആർക്കും ലഭിച്ചില്ലെങ്കിൽ നേതാവിനെ കണ്ടെത്താൻ വിശാല പാർട്ടിതല തെരഞ്ഞെടുപ്പിലേക്കു പോകും. ഞായറാഴ്ചതന്നെ പിൻഗാമിയെ കണ്ടെത്തിയേക്കുമെന്ന് ജസിൻഡ ആർഡേൺ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
ആർഡേൺ മന്ത്രിസഭയിൽ വിദ്യാഭ്യാസം, പോലീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന ക്രിസ് ഹിപ്കി (44)നാണു കൂടുതൽ സാധ്യത. സാമൂഹ്യനീതി മന്ത്രി കിറി അലൻ (39), ഗതാഗതമന്ത്രി മൈക്കിൾ വുഡ് (42) എന്നിവരും മത്സരിക്കാൻ സാധ്യതയുണ്ട്.