പെരിയാറിലെ മത്സ്യക്കുരുതി; പ്രതിഷേധവുമായി സംഘടനകൾ
Thursday, May 23, 2024 1:57 AM IST
കളമശേരി: പെരിയാറില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തില്‍ ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍വൈലന്‍സ് ഓഫീസിനുമുന്നില്‍ വിവിധ സംഘടനകളുടെ പ്രതിഷേധം.
‘ഇനി മനുഷ്യരാകും ചാകാന്‍ പോകുന്നത്’ എന്നുപറഞ്ഞായിരുന്നു പ്രതിഷേധം. മത്സ്യത്തൊഴിലാളികളുടെയും മത്സ്യകര്‍ഷകരുടെയും പ്രതിഷേധ മാര്‍ച്ചിനു പിന്നാലെ വിവിധ രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തിലും പ്രതിഷേധം നടത്തി.
പുഴയില്‍ ചത്തുപൊങ്ങിയ മത്സ്യങ്ങളുമായെത്തിയ സമരക്കാര്‍ ഓഫീസ് വളപ്പിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചത് പോലീസ് തടഞ്ഞതോടെ ചെറിയതോതിൽ ഉന്തും തള്ളുമുണ്ടായി. ഇതേത്തുടര്‍ന്ന് പ്രതിഷേധക്കാര്‍ മത്സ്യങ്ങള്‍ ഓഫീസ് വളപ്പിലേക്ക് വലിച്ചെറിഞ്ഞു.
പുഴയിലേക്ക് മാലിന്യം തള്ളുന്ന കമ്പനികള്‍ക്കെതിരേ നടപടിയെടുക്കുമെന്ന് ഉദ്യോഗസ്ഥരുടെ ഉറപ്പിനെത്തുടര്‍ന്നാണു പ്രതിഷേധക്കാര്‍ മടങ്ങിയത്. രാവിലെ ഏഴിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു ആദ്യ പ്രതിഷേധസമരം.
പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ പിസിബി ഓഫീസിലേക്ക് മാര്‍ച്ചുമായെത്തി. ഈ സമയം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് സമരക്കാര്‍ ഓഫീസിലേക്കു തള്ളിക്കയറാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് തടഞ്ഞു. ഇതിനിടെ പോലീസും സമരക്കാരുമായി ഉന്തും തള്ളുമുണ്ടായി.
തുടര്‍ന്ന് ഡിസിസി പ്രസിഡന്റടക്കം നാലു നേതാക്കളെ ഓഫീസിലേക്കു പ്രവേശിക്കാന്‍ പോലീസ് അനുവദിച്ചു. ഓഫീസിന്റെ ചുമതലയുള്ള പിസിബി ഉദ്യോഗസ്ഥനുമായി നടത്തിയ ചര്‍ച്ചയില്‍ കുറ്റക്കാരായ സ്ഥാപനങ്ങള്‍ക്കെതിരേയും കൃത്യവിലോപം നടത്തിയ ഉദ്യോഗസ്ഥനെതിരേയും നടപടി സ്വീകരിക്കാമെന്ന ഉറപ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരം അവസാനിപ്പിച്ചു.
പിന്നാലെ എഐവൈഎഫ്, എഎപി സംഘടനകളുടെയും പെരിയാര്‍ മലിനീകരണ വിരുദ്ധ സമിതി, ജനജാഗ്രതാ സമിതി, മത്സ്യകര്‍ഷകര്‍ എന്നിവരുടെയും പ്രതിഷേധ സമരങ്ങളും നടന്നു. കടമക്കുടി, വരാപ്പുഴ, ചേരാനല്ലൂര്‍, മുളവുകാട് പഞ്ചായത്തുകളിലെ പ്രസിഡന്റുമാരുടെയും വാര്‍ഡ് മെംബർമാരുടെയും നേതൃത്വത്തിലായിരുന്നു മത്സ്യകര്‍ഷകരുടെ പ്രതിഷേധം.
പ്രതിഷേധക്കാര്‍ തടിച്ചുകൂടിയതോടെ ഇവിടേക്ക് എത്തിയ പിസിബി ചീഫ് എന്‍വയോണ്‍മെന്റൽ എന്‍ജിനിയര്‍ ബാബുരാജിന്റെ വാഹനം സമരക്കാര്‍ തടഞ്ഞു.
മത്സ്യകര്‍ഷകര്‍ക്കു നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനായി ഏഴു ദിവസത്തിനകം സര്‍ക്കാരിന് വിശദമായ റിപ്പോര്‍ട്ട് നല്‍കാമെന്നും ആറു മാസത്തേക്ക് ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ ഏര്‍പ്പെടുത്തുന്നതിന് ശിപാര്‍ശ ചെയ്യാമെന്നുമുള്ള ഉറപ്പിലാണ് സമരക്കാര്‍ പിന്മാറിയത്.
മത്സ്യക്കുരുതി അന്വേഷിക്കാന്‍ കുഫോസും
കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതി സംബന്ധിച്ച് കൊച്ചിന് ഫിഷറീസ് യൂണിവേഴ്സിറ്റി (കുഫോസ്)ലെ അഞ്ചംഗസംഘവും അന്വേഷിക്കും. വൈസ്ചാന്‍സലറുടെ നിര്‍ദേശപ്രകാരമാണ് അന്വേഷണം.
ഡോ. ബിനു വര്‍ഗീസ്, ഡോ. അനു ഗോപിനാഥ്, ഡോ. എം.കെ. സജീവന്, ഡോ. ദേവിക പിള്ള, ഡോ. എം.പി. പ്രഭാകരന് എന്നിവരാണ് സംഘത്തിലുള്ളത്. സ്ഥലത്തുനിന്ന് മത്സ്യം, വെള്ളം, മണ്ണ് എന്നിവയുടെ സാമ്പിളുകള്‍ സംഘം ശേഖരിച്ചു. സ്ഥലത്ത് ഓക്സിജന്റെ അളവ് കുറവായിരുന്നുവെന്നാണ് പ്രാഥമിക കണ്ടെത്തല്‍.
മത്സ്യത്തിന്റെ ചെകിളയില്നിന്നു രക്തം പുറത്തേക്ക് ഒഴുകുന്ന അവസ്ഥയുണ്ടായിരുന്നു. ഓക്സിജന്റെ അളവ് കുറഞ്ഞതുകൊണ്ടാണോ രാസമാലിന്യം കലര്‍ന്നതുകൊണ്ടാണോ മത്സ്യക്കുരുതി ഉണ്ടായതെന്നു കണ്ടെത്തേണ്ടതുണ്ട്.
കോടികളുടെ നഷ്ടമെന്ന് ഫിഷറീസ് വകുപ്പ്
കൊച്ചി: പെരിയാറില്‍ രാസമാലിന്യം ഒഴുക്കിയതിനെത്തുടര്‍ന്ന് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തില്‍ കോടികളുടെ നഷ്ടം സംഭവിച്ചതായി ഫിഷറീസ് വകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍. വളര്ത്തുമത്സ്യങ്ങള്ക്കു പുറമേ പുഴമത്സ്യങ്ങളുടെ നാശനഷ്ടവും കൂട്ടിയുള്ളതാണിത്.
പെരിയാറിലെ പാതാളം ബണ്ടിനു താഴെയുള്ള 150ലേറെ മത്സ്യക്കൂടുകളില്‍ ലക്ഷക്കണക്കിന് മീനുകളാണ് പൂര്‍ണമായി നശിച്ചുപോയത്. വരാപ്പുഴ, ചേരാനെല്ലൂര്‍, കടമക്കുടി പഞ്ചായത്തുകളിലാണ് കൂടുതല്‍ നഷ്ടം.
ഇതില്‍ വരാപ്പുഴയിലാണ് ഏറ്റവും കൂടുതല്‍ മത്സ്യങ്ങള്‍ ചത്തത്. കൊച്ചി കോര്പറേഷന് മേഖലയിലേക്കും വിഷവെള്ളം ഒഴുകിയതായി ഫിഷറീസ് വകുപ്പിന്റെ പ്രാഥമിക വിലയിരുത്തലില്‍ പറയുന്നു. വിശദമായ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം തയാറാക്കി കളക്ടര്‍ക്കു കൈമാറും.
ജലസേചന വകുപ്പിനെ പഴിചാരി മലിനീകരണ നിയന്ത്രണ ബോര്‍ഡ്
കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിയില്‍ ജലസേചന വകുപ്പിനെ പഴിചാരി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്. പെരിയാറിലേക്ക് ഓരുവെള്ളം കയറുന്നതു തടയായി പാതാളത്തു സ്ഥാപിച്ചിട്ടുള്ള റെഗുലേറ്റര്‍ കം ബ്രിഡ്ജ് കൂടിയാലോചനയില്ലാതെ തുറന്നുവിട്ടതാണ് കൂട്ടക്കുരുതിക്കു കാരണമെന്നാണ് പിസിബി പറയുന്നത്.
ബണ്ട് തുറക്കുന്നതിന് മുന്നോടിയായി മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ അറിക്കേണ്ടതായിരുന്നു. അറിയിച്ചിരുന്നുവെങ്കില്‍ ബണ്ടിനു മുകളില്‍ കെട്ടിനില്‍ക്കുന്ന വെള്ളം പരിശോധിച്ച് പുഴയ്ക്ക് ഇരുവശത്തും താമസിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കാമായിരുന്നു. അതുണ്ടാകാതിരുന്നതാണ് ദുരന്തത്തിലേക്കു നയിച്ചതെന്നാണ് പിസിബി ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്.
മഴമൂലം പാതാളം റഗുലേറ്റര്‍ ബ്രിഡ്ജിന്റെ ഷട്ടറുകള്‍ മുന്നറിയിപ്പില്ലാതെ തുറന്നപ്പോള്‍ ഉപ്പുവെള്ളവുമായി കലര്‍ന്ന് ഓക്സിജന്റെ അളവ് പെട്ടെന്ന് കുറഞ്ഞതാണോ അതോ രാസമാലിന്യം കലര്‍ന്നതാണോ മത്സ്യങ്ങള്‍ ചത്തുപൊങ്ങാനിടയായതെന്ന് കണ്ടെത്തേണ്ടതുണ്ട്.
ചത്ത മീനുകളുടെയും വെള്ളത്തിന്റെയും സാമ്പിള്‍ ശേഖരിച്ച് ശാസ്ത്രീയ പരിശോധനയ്ക്ക് ലാബില്‍ എത്തിച്ചിരിക്കുകയാണ്. പരിശോധനാഫലം ലഭ്യമായാലേ യഥാര്‍ഥ കാരണം വ്യക്തമാകൂവെന്നും ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു.