ഓഹരിവിപണികളിലെ ഇടിവ് തുടർച്ചയായ അഞ്ചാം ദിനവും
Wednesday, February 12, 2025 12:02 AM IST
മുംബൈ: ഇന്ത്യൻ ഓഹരിവിപണികൾ തുടർച്ചയായ അഞ്ചാം ദിവസവും തകർന്നു. ബിഎസ്ഇ സെൻസെക്സും നിഫ്റ്റിയും 1.32 ശതമാനത്തോളമാണ് ഇടിഞ്ഞത്.
സെൻസെക്സ് 1018.20 പോയിന്റ് നഷ്ടത്തിൽ 76,293.60ലും, നിഫ്റ്റി 309.80 പോയിന്റ് ഇടിഞ്ഞ് 23,071.80 പോയിന്റിലുമാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. ബാങ്കിംഗ്, ഓട്ടോ, മെറ്റൽ, ഐടി ഓഹരികളിൽ വിൽപ്പന സമ്മർദമേറിയതാണ് വിപണിയിൽ തകർച്ചയ്ക്കിടയാക്കിയത്.
കന്പനികളുടെ മോശമായ മൂന്നാംപാദ ഫലവും യുഎസ് വ്യാപാര നയത്തെക്കുറിച്ചുള്ള ആശങ്കകളും വിദേശ നിക്ഷേപകരുടെ തുടരുന്ന പിന്മാറ്റവും വിൽപ്പന സമ്മർദത്തിലാക്കി.
പ്രധാന എല്ലാ മേഖലകളും ഇന്നലെ തകർച്ചയിലായിരുന്നു. നിഫ്റ്റി സ്മോൾകാപ്, മിഡ്കാപ് സൂചികകൾ യഥാക്രമം 3.45 ശതമാനവും മൂന്നു ശതമാനവും നഷ്ടത്തിലായി.
ബിഎസ്ഇ ലിസ്റ്റഡ് കന്പനികളുടെ മൊത്തം വിപണിമൂല്യം 9.3 ലക്ഷം കോടി രൂപ ഇടിഞ്ഞ് 408.52 ലക്ഷം കോടിയിലെത്തി. അഞ്ചു ദിനംകൊണ്ട് 16.97 ലക്ഷം കോടിയുടെ നഷ്ടമാണ് നിക്ഷേപകർക്കുണ്ടായത്.
സ്വകാര്യബാങ്കുകളുടെ ഓഹരികൾക്കാണ് കൂടുതൽ ഇടിവ് നേരിട്ടത്. എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഡ്സ്ഇൻഡ് ബാങ്ക്, ഐസിഐസി ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയുടെ ഓഹരികൾക്ക് നഷ്ടം നേരിട്ടു. അഡാനി എന്റർപ്രൈസസ്, ഗ്രാസിം, ട്രെന്റ്, ഭാരതി എയർടെൽ എന്നിവയുടെ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.
ഐഷർ മോട്ടോഴ്സിന് 6.80 ശതമാനവും അപ്പോളോ ഹോസ്പിറ്റൽസ് എന്റർപ്രൈസ് 6.57 ശതമാനവും ഇടിഞ്ഞു. ശ്രീറാം ഫിനാൻസ് 4.51 ശതമാനവും കോൾ ഇന്ത്യ 3.37 ശതമാനവും ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് 3.37 ശതമാനവും തകർച്ച നേരിട്ടു.
വിപണി തകർച്ചയ്ക്കു കാരണങ്ങൾ
അലുമിനിയം, ഉരുക്ക് എന്നിവയുടെ ഇറക്കുമതിക്ക് 25 ശതമാനം തീരുവ ഏർപ്പെടുത്താനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കം ഇന്ത്യൻ ഓഹരിവിപണികൾ തകരുന്നതിൽ പ്രധാന പങ്ക് വഹിച്ചു.
പ്രതിസന്ധിയിലായ വ്യവസായങ്ങളെ സഹായിക്കാനുള്ള നീക്കത്തിൽ പ്രസിഡന്റ് ട്രംപ് തിങ്കളാഴ്ച സ്റ്റീൽ, അലൂമിനിയം ഇറക്കുമതിയുടെ താരിഫ് 25% ആയി ഉയർത്തി. ഇത് ആഗോള വ്യാപാര യുദ്ധത്തിന് വഴിയൊരുക്കും.
നിക്ഷേപകർ ഒന്നടങ്കം സെനറ്റ് ബാങ്കിംഗ്, ഹൗസിംഗ്, അർബൻ അഫയേഴ്സ് കമ്മിറ്റിക്ക് മുന്പാകെ ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ നടത്തുന്ന പ്രതികരണങ്ങൾക്കായി കാത്തിരിക്കുകയാണ്. താരിഫുകളും പണപ്പെരുപ്പവും സംബന്ധിച്ച അദ്ദേഹത്തിന്റെ പരാമർശങ്ങൾ ഭാവിയിലെ പണനയത്തെക്കുറിച്ചുള്ള സൂചനകളായിരിക്കും.
വിദേശനിക്ഷേപത്തിന്റെ പുറത്തക്കുള്ള ഒഴുക്ക് തുടരുന്നതും ഇന്ത്യൻ വിപണിയെ ബാധിക്കുന്നുണ്ട്. കണക്കുകൾ പ്രകാരം വിദേശ സ്ഥാപന നിക്ഷേപകർ (എഫ്ഐഐ) ഈ വർഷം ഇതുവരെ 9.94 ബില്യണ് ഡോളറിന്റെ ഇന്ത്യൻ ഓഹരികളാണ് വിറ്റത്.
യുഎസ് ബോണ്ട് യീൽഡും ഡോളർ സൂചികയും ഉയർന്നു. ഇത് ഇന്ത്യയെപ്പോലുള്ള വളർന്നുവരുന്ന വിപണികളിൽ നിന്നുള്ള മൂലധന ഒഴുക്ക് വർധിപ്പിച്ചു.