കുരുമുളക് കിട്ടാനില്ല
വിപണിവിശേഷം / കെ.ബി. ഉദയഭാനു
Sunday, February 9, 2025 11:55 PM IST
അമേരിക്കൻ ഭീഷണി ചൈനീസ് വ്യവസായികളുടെ ആത്മവീര്യം നഷ്ടപ്പെടുത്തിയോ ? ലൂണാർ പുതുവത്സരാഘോഷങ്ങൾ കഴിഞ്ഞ് അന്താരാഷ്ട്ര റബർ വിപണിയിൽ തിരിച്ചെത്തിയ വ്യവസായികൾ തിരക്കിട്ടുള്ള വാങ്ങലുകൾക്ക് തയാറായില്ല.
വിയറ്റ്നാമിൽ കുരുമുളകുവില ആറ് മാസത്തെ ഏറ്റവും ഉയർന്നതലത്തിൽ, കയറ്റുമതിക്കാർ ചരക്കിനായി പരക്കംപായുന്നു. പച്ച ഇഞ്ചിയുടെ വിലത്തകർച്ച ചുക്കിനെ കൂടുതൽ സമ്മർദത്തിലാക്കി. നാളികേരോത്പന്നങ്ങൾ മികവ് നിലനിർത്തി. പവന് വീണ്ടും റിക്കാർഡ് തിളക്കം.
റബറിന് തളർച്ച
ചൈനീസ് ഉത്പന്നങ്ങൾക്ക് അധിക നികുതി ഏർപ്പെടുത്തുമെന്ന യു എസ് വെളിപ്പെടുത്തൽ ബെയ്ംജിംഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടയർ വ്യവസായികളുടെ ഹൃദയമിടിപ്പ് ഇരട്ടിപ്പിച്ചു. പത്ത് ദിവസം നീണ്ട പുതുവത്സരാഘോഷങ്ങൾ കഴിഞ്ഞ് അന്താരാഷ്ട്ര വിപണിയിൽ മടങ്ങിയെത്തിയ വ്യവസായികൾ പക്ഷേ തിരക്കിട്ട് പുതിയ കച്ചവടങ്ങൾക്ക് താത്പര്യം കാണിച്ചില്ല. വിപണിയുടെ ചലനങ്ങൾ നിരീക്ഷിച്ച അവർ റബർ സംഭരണത്തോട് കാണിച്ച തണുപ്പൻ മനോഭാവം ഏഷ്യൻ റബർ അവധി വ്യാപാര രംഗത്തും മ്ലാനത പരത്തി.
![](/Newsimages/rubber1_2019sept16.jpg)
ഒസാക്ക എക്സ്ചേഞ്ചിൽ റബറിന് കാലിടറുന്നത് കണ്ട് സിംഗപ്പുർ മാർക്കറ്റും പിടിച്ചുനിൽക്കാൻ ക്ലേശിച്ചു. ഇതിനിടയിൽ വാരത്തിന്റെ ആദ്യ പകുതിയിൽ മുന്നേറിയ ബാങ്കോക്കിൽ രണ്ടാം പകുതിയിൽ ഷീറ്റ് വില കിലോ 207 രൂപയായി താഴ്ന്നു. ജാപ്പനീസ് വിപണിയെ സാങ്കേതികമായി വീക്ഷിച്ചാൽ റബർ സെല്ലർമാർക്ക് അനുകൂലമായി തിരിയുകയാണ്.
മേയ് അവധി കിലോ 374 യെന്നിലാണ് വ്യാപാരം അവസാനിച്ചത്, വിപണിയുടെ ചലനങ്ങൾ വിലയിരുത്തിയാൽ 334 യെന്നിലേയക്ക് നീങ്ങാനുള്ള സാധ്യതകൾ തെളിയുന്നതിനാൽ സ്റ്റോക്കിസ്റ്റുകൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു. വിദേശ വിപണികളിലെ തളർച്ച സാധ്യതകൾ മുന്നിൽ കണ്ട് ഇന്ത്യൻ വ്യവസായികൾ ആഭ്യന്തര വിലയിൽ സമ്മർദ്ദമുളവാക്കാം. കിലോ 193 രൂപയിൽ നിന്നും നാലാം ഗ്രേഡ് 191 ലേയ്ക്ക് താഴ്ന്നു.
കുരുമുളകിന് ക്ഷാമം
ആഗോള തലത്തിൽ കുരുമുളക് ഉത്പാദനത്തിൽ മുൻപന്തിയിൽ നിലകൊള്ളുന്ന വിയറ്റ്നാമിൽ രൂക്ഷമായ ചരക്ക് ക്ഷാമം. കുരുമുളക് വില ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും ഉയർന്ന തലത്തിലേക്ക് ചുവടുവച്ചു. വിയറ്റ്നാമിലെ മുഖ്യ വിപണിയിൽ ഒരു കിലോ കുരുമുളക് വില 1,59,000 വിയറ്റ്നാം ഡോംഗിലേക്ക് ഉയർന്നു, കയറ്റുമതി മേഖലയുടെ ആവശ്യാനുസരണം ചരക്ക് കണ്ടത്താനാവാത്ത അവസ്ഥയാണ്. മുളക് ക്ഷാമം അത്യന്തം രൂക്ഷമായതു കണ്ട് കയറ്റുമതിക്കാർ ഉത്പാദന മേഖലകളിൽ നേരിട്ട് ഇറങ്ങി ചരക്ക് സംഭരണത്തിന് നടത്തിയ ശ്രമങ്ങളും വിജയിച്ചില്ല.
![](/Newsimages/pepper_2019oct21.jpg)
കർഷകരുടെ കൈവശം കഴിഞ്ഞ സീസണിലെ നീക്കിയിരിപ്പില്ലെന്നത് വിലക്കയറ്റം കൂടുതൽ ശക്തമാക്കാൻ ഇടയുണ്ട്. വിദേശ വ്യാപാരങ്ങൾ ഉറപ്പിച്ച എക്സ്പോർട്ടർമാർ ആശങ്കയിലാണ്, പലർക്കും ഡിസംബറിലെന്ന പോലെ ജനുവരി ഷിപ്പ്മെന്റുകളും പൂർത്തിയാക്കാനായില്ല.
ഓർഡറുകൾക്ക് എക്സ്റ്റൻഷന് നീക്കം നടത്തുന്നുണ്ടങ്കിലും ഇത് എത്രമാത്രം വിജയിക്കുമെന്നത് വ്യക്തമല്ല. വിയറ്റ്നാം 500 ലിറ്റർവെയിറ്റ് മുളകിന് 6500 ഡോളറും 550 ലിറ്റർവെയിറ്റ് മുളകിന് 6650 ഡോളറും ആവശ്യപ്പെട്ടു. ബ്രസീൽ 6500 ഡോളറും ഇന്തോനേഷ്യ 7300 ഡോളറും രേഖപ്പെടുത്തി. ഇന്ത്യൻ നിരക്ക് 7850 ഡോളർ. അതേസമയം വിയറ്റ്നാം നിരക്ക് 7500 ഡോളറായും ഇന്തോനേഷ്യ 7700 ഡോളറായും ബ്രസീൽ 7300 ഡോളറായും ഉയർത്തിയെന്ന അഭ്യൂഹവും വിപണിയിൽ പരന്നിട്ടുണ്ട്.
ഇന്ത്യൻ കുരുമുളക് കുതിച്ചുചാട്ടങ്ങൾക്ക് ശേഷം അൽപ്പം കിതച്ചു, അന്തർസംസ്ഥാന വാങ്ങലുകാർ താത്കാലികമായി ചരക്ക് സംഭരണത്തിൽനിന്നും അകന്നത് ഉത്പന്ന വിലയെ ബാധിച്ചു.
അതേസമയം കാർഷിക മേഖലകളിൽനിന്നുള്ള ചരക്ക് വരവ് കുറവായതിനാൽ വൈകാതെ മുളക് വില തിരിച്ചുവരവ് കാഴ്ച്ചവയ്ക്കുമെന്ന കണക്കുകൂട്ടലിലാണ് ഒരു വിഭാഗം. നാടൻ മുളകിന്റെ ലഭ്യത വിപണി വൃത്തങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ല. വിളവെടുപ്പു വേളയായതിനാൽ വൻ തോതിൽ ചരക്ക് വിൽപ്പനയ്ക്ക് ഇറങ്ങുമെന്ന കണക്കുകൂട്ടലിലായിരുന്നു വാങ്ങലുകാർ. ഫെബ്രുവരി ആദ്യ വാരം പിന്നിടുമ്പോഴും കുരുമുളക് ക്ഷാമം തുടരുന്നത് ഉത്പാദന കുറവിനെ സൂചിപ്പിക്കുന്നു. കൊച്ചി വിപണിയിൽ തുടർച്ചയായ ദിവസങ്ങളിലെ വിലക്കയറ്റത്തിന് ശേഷം വാരാന്ത്യം അൺ ഗാർബിൾഡ് 64,500 രൂപയിലാണ്.
തകർന്ന് ചുക്ക്
ചുക്കിന്റെ വിലത്തകർച്ച സ്റ്റോക്കിസ്റ്റുകളിൽ സമ്മർദം ഉളവാക്കുന്നു. വിലയിടിവ് അവസരമാക്കി ഇഞ്ചി സംസ്കരണത്തിനുള്ള നീക്കത്തിലാണ് ഒരു വിഭാഗം. ഇഞ്ചിയുടെ താഴ്ന്ന വില കണക്കിലെടുത്താൽ നടപ്പു വർഷം ചുക്ക് ഉത്പാദനം ഇരട്ടിക്കാം. കൊച്ചിയിൽ ചുക്ക് സ്റ്റോക്ക് കുറവാണെങ്കിലും ഉത്പാദന കേന്ദ്രങ്ങളിൽ നീക്കിയിരിപ്പുണ്ടെന്നാണ് വിപണി വൃത്തങ്ങളിൽനിന്നുള്ള സൂചന.
![](/Newsimages/chukku_2025feb10.jpg)
കരുതൽ ശേഖരം വേണ്ടവിധം സംരക്ഷിച്ചില്ലെങ്കിൽ ചുക്കിന് കുത്തൽ വീഴാനുള്ള സാധ്യത വിലയെ ബാധിക്കും. വിവിധയിനം ചുക്ക് ക്വിന്റലിന് 22,500-25,000 രൂപയായി താഴ്ന്നു. അറബ് നാടുകൾ നോമ്പ് കാല ഡിമാൻഡ് മുൻനിർത്തി ചുക്ക് ശേഖരിക്കുന്നുണ്ട്.
സംസ്ഥാനത്ത് നാളികേര വിളവെടുപ്പ് ഊർജിതമായെങ്കിലും വിപണിയിലെ ഡിമാൻഡുമായി താരതമ്യം ചെയ്യുമ്പോൾ ചരക്ക് വരവ് നാമമാത്രമാണ്. ഗ്രാമീണ മേഖലകളിൽ നിന്നുള്ള പച്ചതേങ്ങ വരവ് ചുരുങ്ങിയ അളവിൽ മാത്രമാണ്. മാസാരംഭ ഡിമാൻഡിൽ വെളിച്ചെണ്ണ വിൽപ്പന ഉയർന്നെങ്കിലും ഉയർന്ന വിലയ്ക്ക് പച്ചത്തേങ്ങ ശേഖരിക്കാൻ മില്ലുകാർ തയാറായില്ല. കൊച്ചിയിൽ കൊപ്ര 15,100 ലും വെളിച്ചെണ്ണ 22,500 രൂപയിലുമാണ്.
സംസ്ഥാനത്ത് സ്വർണവില പവന് 61,960 രൂപയിൽനിന്നും സർവകാല റിക്കാർഡായ 63,560 രൂപയായി. രാജ്യാന്തര വിപണിയിൽ ഫണ്ടുകൾ ലാഭമെടുപ്പിന് നീക്കം തുടങ്ങി. ട്രോയ് ഔൺസിന് 2772 ഡോളറിൽനിന്നും മഞ്ഞലോഹം 2885 ഡോളർ വരെ മുന്നേറിയ ശേഷം 2860 ഡോളറിലാണ്.