ട്രംപ് ഭീഷണിയിൽ വിപണികൾ ഇടിഞ്ഞു
Tuesday, February 11, 2025 3:21 AM IST
മുംബൈ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവ ഭീഷണിയിൽ ഇന്ത്യൻ ഓഹരി വിപണികൾ ഇന്നലെ നഷ്ടത്തിൽ വ്യാപാരം പൂർത്തിയാക്കി. തുടർച്ചയായ നാലാം ദിവസമാണ് ഇന്ത്യൻ വിപണികൾ നഷ്ടത്തിൽ ക്ലോസ് ചെയ്യുന്നത്. സെൻസെക്സ് 548.39 പോയിന്റ് നഷ്ടത്തിൽ 77,311.80ലും നിഫ്റ്റി 178.35 പോയിന്റിന്റെ ഇടിവിൽ 23,381.60 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉരുക്കിനും അലുമിനിയത്തിനും 25 ശതമാനം തീരുവ ഏർപ്പെടുത്താനുള്ള ട്രംപിന്റെ നീക്കമാണ് വിപണിയിൽ പ്രതിഫലിച്ചത്. യുഎസ് ഉത്പന്നങ്ങൾക്കുമേൽ കനത്ത തീരുവ ഏർപ്പെടുത്തുന്ന രാജ്യങ്ങൾക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകുമെന്ന് ട്രംപിന്റെ പ്രഖ്യാപനവും ആഗോള തലത്തിൽ വിപണികളെ ഉലച്ചു.
ട്രെന്റ്, ടാറ്റ സ്റ്റീൽ, ടൈറ്റൻ, പവർ ഗ്രിഡ്, സൊമാറ്റോ, ബജാജ് ഫിനാൻസ്, എൻടിപിസി, ടാറ്റ മോട്ടോഴ്സ് എന്നിവയുടെ ഓഹരികൾക്കാണ് പ്രധാനമായും നഷ്ടമുണ്ടായത്. കോട്ടക് മഹീന്ദ്ര ബാങ്ക്, ഭാരതി എയർടെൽ, ബ്രിട്ടാനിയ, ടാറ്റ കണ്‍സ്യൂമർ പ്രൊഡക്ട്സ്, എച്ച്സിഎൽ എന്നിവ നേട്ടമുണ്ടാക്കി.
നിഫ്റ്റി സ്മോൾകാപ് 100, നിഫ്റ്റി മിഡ്കാപ് 100 എന്നീ സൂചികകളിലും 2.12 %, 2.11 % എന്ന കണക്കിൽ നഷ്ടം നേരിട്ടു.
രൂപയും നഷ്ടത്തിലാണ് ഇന്നലെ വ്യാപാരം തുടങ്ങിയത്. ഡോളറിനെതിരേ 45 പൈസ ഇടിഞ്ഞ് 87.94ലാണ് വ്യാപാരം ആരംഭിച്ചത്. വൈകാതെ 87.95ലെത്തി. തുടക്കത്തിൽ നഷ്ടങ്ങൾ നേരിട്ട രൂപ അവസാനം 87.50ൽ ക്ലോസ് ചെയ്തു. റിസർവ് ബാങ്കിന്റെ ഇടപെടലാകാം രൂപ തിരിച്ചുകയറാൻ കാരണമാക്കിയതെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. വെള്ളിയാഴ്ച ഡോളറിനെതിരേ 9 പൈസ നേട്ടത്തോടെ 87.50 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. ഫെബ്രുവരി ആറിന് ഏറ്റവും താഴ്ന്ന നിലയായ 87.59ലാണ് രൂപ ക്ലോസ് ചെയ്തത്.
ആറു കറൻസികൾക്കെതിരേ ഡോളർ സൂചിക 108.18 വരെയായി ഉയർന്നു. ക്രൂഡ് ഓയിൽ വില 0.98 ശതമാനം ഉയർന്ന് ബാരലിന് 75.39 ഡോളർ എന്ന നിലയിലെത്തി.
ഇന്ത്യയുടെ കരുതൽ ശേഖരം ജനുവരി 31ന് അവസാനിച്ച ആഴ്ചയിൽ 1.05 ബില്യണ്‍ ഡോളർ ഉയർന്ന് 630.607 ബില്യണിലെത്തി. ഇതിനു മുന്‍പ് പുറത്തുവന്ന റിപ്പോർട്ടിൽ കരുതൽ ശേഖരം 5.574 ബില്യണ്‍ ഡോളർ ഉയർന്ന് 629.557 ബില്യണിലെത്തിയതായിരുന്നു.
ഇന്ത്യയെ ബാധിക്കുന്നത് എങ്ങനെ
ട്രംപിന്റെ പുതിയ നീക്കം ഒരു ബില്യൺ ഡോളർ മൂല്യമുള്ള ഇന്ത്യൻ കയറ്റുമതിയെ ബാധിക്കുമെന്ന് റിപ്പോർട്ടുകൾ. ഇന്ത്യയിൽനിന്ന് യുഎസിലേക്കുള്ള ഉരുക്ക് കയറ്റുമതി വളരെ കുറഞ്ഞതോതിലാണ്. അഞ്ചു ശതമാനം മാത്രമാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്.
എന്നാൽ അലുമിനിയത്തിന്റെ കാര്യത്തിലാണ് ഇന്ത്യ ഭീഷണിനേരിടേണ്ടിവരുക. 12 ശതമാനത്തോളം കയറ്റുമതിയാണ് ഇന്ത്യയിൽനിന്നുള്ളത്. 2024 നവംബർ വരെ ഇന്ത്യ യുഎസിലേക്കു നട ത്തിയ അലുമിനിയം കയറ്റുമതി 777 മില്യൺ ഡോളറിന്റേതാണ്. ഇത് രാജ്യം 2024 ൽ നടത്തിയ മൊത്തം കയറ്റുമതിയുടെ 11.5 ശതമാ നമായിരുന്നു. 2018ൽ ട്രംപ് ആദ്യം പ്രസിഡന്റ് ആയപ്പോഴും ഇതേ തീരുമാനം കൈക്കൊണ്ടിരുന്നു. എന്നാൽ ഇത് ഇന്ത്യയുടെ അലുമിനിയം കയറ്റുമതിയിൽ കാര്യമായി ബാധിച്ചില്ല.
യുഎസിലേക്കുള്ള ഇന്ത്യയുടെ മൊത്തം കയറ്റുമതി കഴിഞ്ഞ ദശകത്തിൽ 11 മുതൽ 15 ശതമാനം വരെ ഉയർന്നു. ജപ്പാൻ, യൂറോപ്പ്, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽനിന്നുള്ള കയറ്റുമതിയെയാണ് കൂടുതൽ ബാധിക്കുക. ഇങ്ങനെയാണെങ്കിലും ഇന്ത്യയിൽ ഇതിന്റെ പരിണിതഫലം അനുഭ വിക്കേണ്ടിവരും. സ്റ്റീലിന്റെ വിതരണം അധികമാകുന്നതിനും വിലക്കുറവിനുമിടയാക്കും. ഇത് ഇന്ത്യൻ ഉരുക്കു നിർമാതാക്കളെ കാര്യമായി ബാധിക്കും.