പുതിയ ആദായനികുതി ബിൽ പാർലമെന്റിൽ ഉടൻ അവതരിപ്പിച്ചേക്കും
സനു സിറിയക്
Tuesday, February 11, 2025 3:21 AM IST
ന്യൂഡൽഹി: പുതിയ ആദായനികുതി ബില്ല് ഉടൻ പാർലമെന്റിൽ അവതരിപ്പിച്ചേക്കും. കഴിഞ്ഞ വെള്ളിയാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം ബില്ലിന് അംഗീകാരം നൽകിയിരുന്നു. ഈ മാസം ഒന്നിന് അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ പുതിയ ആദായനികുതി ബില്ല് ഉടൻ സഭയിൽ അവതരിപ്പിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കിയിരുന്നു. ബില്ല് പാർലമെന്റിൽ അവതരിപ്പിച്ചശേഷം ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് അയയ്ക്കാനാണു സാധ്യത.
ബില്ല് പാസാക്കി പ്രാബല്യത്തിൽ വരുന്ന തീയതി പ്രഖ്യാപിച്ചു കഴിഞ്ഞാൽ 1961ലെ ആദായ നികുതി നിയമത്തിനു പകരം പുതിയ നിയമം രാജ്യത്തു പ്രാബല്യത്തിൽ വരും. 2024 ജൂലൈയിൽ നടന്ന ബജറ്റ് സമ്മേളനത്തിൽ നിർമല സീതാരാമൻ പഴയ ആദായനികുതി ബില്ല് പുനഃപരിശോധിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. നികുതിനിയമങ്ങൾ സാധാരണക്കാർക്ക് കൂടുതൽ ലളിതവും വ്യക്തവും എളുപ്പത്തിലും മനസിലാകുന്ന രീതിയിലേക്ക് മാറ്റുകയാണ് പുതിയ ആദായനികുതി നിയമം ലക്ഷ്യമിടുന്നത്. കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിന്റെ നേതൃത്വത്തിൽ നികുതിദായകരുമായി ബന്ധപ്പെട്ട പങ്കാളികളെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിച്ചിരുന്നു.
ഭാഷ ലഘൂകരിക്കൽ, കാലഹരണപ്പെട്ട നിയമങ്ങൾ ഇല്ലാതാക്കുക തുടങ്ങിയ വിവിധ വിഷയങ്ങൾ കമ്മിറ്റി പരിഗണിച്ചു.
കഴിഞ്ഞവർഷം നികുതിദായകരിൽനിന്ന് അഭിപ്രായം സ്വീകരിക്കാൻ ആദായനികുതി ഇഫയലിംഗ് വെബ്സൈറ്റിൽ പ്രത്യേക പേജ് ആരംഭിച്ചിരുന്നു. ഇത്തരത്തിൽ ലഭിച്ച അഭിപ്രായങ്ങളുടെ പശ്ചാത്തലത്തിലായിരിക്കും പുതിയ നിയമം പരിഗണിക്കുകയെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കിയിരുന്നു. പുതിയ ആദായനികുതി ബിൽ നിയമപരമായ തർക്കങ്ങൾ കുറയ്ക്കുകയും നികുതിദായകർക്ക് നികുതിവ്യക്തത നൽകുകയും ചെയ്യുമെന്നും നികുതിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ കുറയ്ക്കുമെന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നു.