സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം
Wednesday, February 12, 2025 12:02 AM IST
കൊച്ചി: റിക്കാര്‍ഡ് വിലയിലെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. ഡോളറിനെതിരേ രൂപയുടെ വിനിമയനിരക്ക് ഉയര്‍ന്നതാണ് സ്വര്‍ണ വില കുറയാന്‍ കാരണമായത്.
തിങ്കളാഴ്ച ഡോളറിനെതിരേ റിക്കാര്‍ഡ് തകര്‍ച്ചയിലായിരുന്നു രൂപ. ഇന്നലെ സ്വര്‍ണവില നിശ്ചയിക്കുമ്പോള്‍ അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 2923 ഡോളറും രൂപയുടെ വിനിമയ നിരക്ക് 87.29ലും ആയിരുന്നു.
അതനുസരിച്ച് ഗ്രാമിന് 8,060 രൂപയും പവന് 64,480 രൂപയുമായി സ്വര്‍ണവില പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ രാവിലെ പത്തിനുശേഷം രൂപ കൂടുതല്‍ കരുത്താര്‍ജിക്കുകയും 87.29ൽ നിന്നും 86.86ലേക്ക് എത്തുകയുമുണ്ടായി.
43 പൈസയുടെ വ്യത്യാസമാണുണ്ടായത്. അതനുസരിച്ച് ഗ്രാമിന് 50 രൂപയുടെ കുറവ് രേഖപ്പെടുത്തി. ഇതോടെ ഒരു ഗ്രാമിന് 8010 രൂപയും പവന് 64,080 രൂപയുമായി താഴ്ന്നു. സ്വര്‍ണവിലയില്‍ തിരുത്തല്‍ ഉണ്ടാകാമെന്നാണു വിപണി നല്കുന്ന സൂചന.