വിദേശ നിക്ഷേപകരുടെ വിൽപ്പന തുടരുന്നു
Tuesday, February 11, 2025 3:21 AM IST
ന്യൂഡൽഹി: ഇന്ത്യൻ ഓഹരി വിപണിയിൽനിന്നുള്ള വിദേശ നിക്ഷേപകരുടെ (എഫ്പിഐ) വിൽപ്പന തുടരുന്നു. ആഗോള വ്യാപാര പിരിമുറുക്കത്തിനിടെ ഫെബ്രുവരി ആദ്യവാരം 7,300 കോടി രൂപ (ഏകദേശം 840 മില്യണ് ഡോളർ) പിൻവലിച്ചു. കണക്കുകൾ പ്രകാരം, ഈ മാസം ഇതുവരെ (ഫെബ്രുവരി 7 വരെ) ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് 7,342 കോടി രൂപയുടെ ഓഹരികളാണ് എഫ്പിഐകൾ വിറ്റത്. 2025ൽ മാത്രം എഫ്പിഐകൾ ഇതുവരെ 85369 കോടി രൂപയുടെ നിക്ഷേപമാണ് പിൻവലിച്ചത്.
കാനഡ, മെക്സിക്കോ, ചൈന രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിക്ക് അധികചുങ്കം യുഎസ് പ്രസിഡന്റ് ഏർപ്പെടുത്തിയതിനു പിന്നാലെ ആഗോള വ്യാപാരയുദ്ധത്തിലേക്കു കടന്നിരിക്കുകയാണ്. ഇതോടെ ഇന്ത്യൻ വിപണിയിൽനിന്നുള്ള വിദേശ നിക്ഷേപകരുടെ പിൻവാങ്ങലും ഇടതടവില്ലാതെ തുടർന്നു. കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾക്കെതിരേയുള്ള നടപടി താത്കാലികമായി ട്രംപ് മരിവിപ്പിച്ചിരിക്കുകയാണ്.
എന്നാൽ ചൈനയ്ക്കെതിരേയുള്ള നിലപാടിൽ മാറ്റം വരുത്തിയിട്ടുമില്ല. ഇതിനു തിരിച്ചടിയായി യുഎസിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ചില വസ്തുക്കൾക്ക് ചൈന അധികച്ചുങ്കം ഏർപ്പെടുത്തി.
ജനുവരിയിൽ മാത്രം 78,027 കോടി രൂപയുടെ നിക്ഷേപമാണ് വിറ്റത്. തുടർച്ചയായി രണ്ട് മാസത്തെ (ഒക്ടോബർ, നവംബർ) പിൻവലിക്കലുകൾക്ക് ശേഷം 2024 ഡിസംബറിൽ 15,446 കോടി രൂപയുടെ നിക്ഷേപമാണ് ഇന്ത്യൻ ഓഹരി വിപണികളിലെത്തിയത്. എഫ്പിഐകൾ നവംബറിൽ 21,612 കോടി രൂപയുടെയും ഒക്ടോബറിൽ 94,017 കോടി രൂപയുടെയും നിക്ഷേപം പിൻവലിച്ചു.
ഇന്ത്യൻ വിപണികളിൽ നിന്നുള്ള എഫ്പിഐകളുടെ മൊത്തത്തിലുള്ള പിൻവലിക്കലിൽ ഓഹരികൾ, കടപത്രം, ഹൈബ്രിഡ്, ഡെറ്റ്-വിആർആർ വിഭാഗങ്ങൾ ഉൾപ്പെടെ 2025ൽ 66,864 കോടി രൂപയുടെ നിക്ഷേപമാണ് വിറ്റത്. കടപത്രം മാത്രമായി 2,209 കോടി രൂപ പിൻവലിച്ചു. യുഎസ് പ്രസിഡന്റ് ട്രംപിന്റെ താരിഫ് നയങ്ങൾ കാരണം വിപണി സമ്മർദത്തിലായതിനാൽ എഫ്പിഐ വിൽപ്പന തുടരുമെന്ന് പ്രതീക്ഷിക്കുന്നു.