ആശങ്കയിൽ വിപണികൾ
ഓഹരി അവലോകനം / സോണിയ ഭാനു
Sunday, February 9, 2025 11:55 PM IST
ഇന്ദ്രപ്രസ്ഥത്തിൽ ബിജെപി കൈവരിച്ച വിജയം ഓഹരി വിപണി ഇന്ന് ആഘോഷമാക്കാമെങ്കിലും യുഎസ് ഓഹരി ഇൻഡക്സുകൾക്ക് നേരിട്ട തളർച്ച യൂറോപ്യൻ വിപണികളെയും സ്വാധീനിച്ചത് ആഗോള നിക്ഷേപകർ ആശങ്കയോടെ വീക്ഷിക്കുന്നു.
അമേരിക്ക ഇറക്കുമതി നികുതി ഘടനയിൽ മാറ്റം വരുത്തുന്നത് കണ്ട് വിവിധ കേന്ദ്ര ബാങ്കുകൾ പലിശ നിരക്കുകളിൽ ഭേദഗതികൾ വരുത്തി സമ്പദ്ഘടനയ്ക്ക് ഊർജം പകരാനുള്ള നീക്കത്തിലാണ്. രൂപയെ ശക്തിപ്പെടുത്താൻ റിസർവ് ബാങ്ക് നടത്തിയ നീക്കം ഫോറെക്സ് മാർക്കറ്റിൽ ചലനമുളവാക്കിയില്ല. സെൻസെക്സ് 360 പോയിന്റും നിഫ്റ്റി സൂചിക 51 പോയിന്റും പ്രതിവാര മികവിലാണ്.
നിഫ്റ്റിയും സെൻസെക്സും മികവോടെയാണ് ഇടപാടുകൾക്ക് തുടക്കം കുറിച്ചത്. എന്നാൽ വാരത്തിന്റെ രണ്ടാം പകുതിയിൽ സൂചികകൾക്ക് കരുത്ത് നഷ്ടപ്പെട്ടു. വിപണിയുടെ പ്രതിദിന ചാർട്ടുകൾ വീക്ഷിച്ചാൽ ഹ്രസ്വകാലയളവിലേക്ക് പോസിറ്റീവ് മനോഭാവം നിലനിർത്തി സൂചികകൾ വീണ്ടും ഉയർന്ന തലങ്ങളിലേക്ക് സഞ്ചരിക്കാനാണ് സാധ്യത.
ഓഹരി വിപണിയിൽ ചാഞ്ചാട്ടം
നിഫ്റ്റി മുൻവാരത്തിലെ 23,482 പോയിന്റിൽനിന്നും കൂടുതൽ മികവിന് നടത്തിയ ശ്രമം 23,785ലെ രണ്ടാം പ്രതിരോധം തകർക്കാൻ അവസരം ഒരുക്കി. ഒരവസരത്തിൽ നിഫ്റ്റി 23,807 വരെ കയറിയെങ്കിലും വാരാന്ത്യം ഉയർന്ന തലത്തിലെ ലാഭമെടുപ്പിൽ അൽപ്പം തളർന്ന് ക്ലോസിംഗിൽ 23,559 പോയിന്റിലാണ്. ഈവാരം ആദ്യ പ്രതിരോധങ്ങൾ 23,832 -24,106 പോയിന്റുകളിലുമാണ്. ഇത് തകർക്കാനായാൽ 24,685 നെ വിപണി ഉറ്റുനോക്കും. അതേ സമയം ഉയർന്ന തലത്തിൽ വിൽപ്പന സമ്മർദ്ദം ഉടലെടുത്താൽ 23,253 ലേക്കും തുടർന്ന് 22,948 ലേക്കും തിരുത്തലിന് മുതിരാം.
സാങ്കേതികമായി വിലയിരുത്തിയാൽ സൂപ്പർ ട്രെന്ഡും പാരാബോളിക്ക് എസ്എആറും ബുള്ളിഷാണ്. അതേ സമയം ഡെയ്ലി ചാർട്ടിൽ എം എസിഡി കരുത്ത് നേടാനുള്ള ശ്രമത്തിലാണെങ്കിലും വീക്കിലി ചാർട്ട് നൽകുന്ന സൂചന വിപണി കൂടുതൽ ദുർബലാവസ്ഥയിലേക്ക് നീങ്ങുമെന്നാണ്. സ്റ്റോക്കാസ്റ്റിക്ക് ആർ എസ് ഐ, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്ക്, സ്റ്റോക്കാസ്റ്റിക്ക് തുടങ്ങിയവ ഓവർ ബോട്ടാണ്.
ബോംബെ സെൻസെക്സ് 77,505 പോയിന്റിൽനിന്നും 78,735 വരെ മുന്നേറിയതിനിടയിൽ ഫണ്ടുകൾ വിൽപ്പനയ്ക്ക് കാണിച്ച ഉത്സാഹം വിപണിയെ തളർത്തി. കഴിഞ്ഞവാരം ഇതേ കോളത്തിൽ വ്യക്തമാക്കിയതാണ് വാരത്തിന്റെ രണ്ടാം പകുതിയിൽ തിരുത്തലിന് വിപണി മുതിരുമെന്നത്. ഈ അവസരത്തിൽ സൂചിക 76,769ലേക്ക് ഇടിഞ്ഞെങ്കിലും വ്യാപാരാന്ത്യം സെൻസെക്സ് 77,860 പോയിന്റിലാണ്. ഈ വാരം ഉയരാൻ ശ്രമിച്ചാൽ 78,771-79,682 ൽ പ്രതിരോധമുണ്ട്. ഉയർന്നതലത്തിൽ വീണ്ടും വിൽപ്പന സമ്മർദമുണ്ടായാൽ 76,859- 75,858ൽ സപ്പോർട്ട് പ്രതീക്ഷിക്കാം.
രൂപയ്ക്കു ക്ഷീണകാലം
രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. 86.81ൽനിന്നും വിനിമയ നിരക്ക് ചരിത്രത്തിലെ ഏറ്റവും മോശം നിലവാരമായ 87.58ലേക്ക് താഴ്ന്നു. വാരാന്ത്യം രൂപ 87.43ലാണ്. ഈ വാരം വിനിമയ നിരക്ക് 87.30-88.30 റേഞ്ചിൽ നീങ്ങാം. കഴിഞ്ഞ വാരം ഡോളർ സൂചിക അസ്ഥിരമായിരുന്നു, ഒരവസരത്തിൽ 109.88 വരെ ഉയർന്നങ്കിലും പിന്നീട് 107.30ലേക്ക് താഴ്ന്ന ശേഷം വ്യാപാരാന്ത്യം 108.04 ലാണ്. ഡോളർ സൂചിക താത്കാലികമായി 107-110ൽ നിലകൊള്ളാം.
പലിശനിരക്ക് കുറച്ച് ബാങ്കുകൾ
റിസർവ് ബാങ്ക് കഴിഞ്ഞ ദിവസം റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് 6.25 ശതമാനമാക്കി. 2020 മേയ്ക്ക് ശേഷം ആദ്യമായാണ് റിപ്പോ നിരക്കിൽ കുറവ് വരുത്തുന്നത്. പുതിയ സാഹചര്യത്തിൽ ഭവന, കാർ വായ്പകളിൽ പലിശനിരക്ക് കുറയാം. കഴിഞ്ഞ 57 മാസത്തിനിടയിൽ ആദ്യമായാണ് ഇന്ത്യ പലിശനിരക്ക് കുറയ്ക്കുന്നത്, കോവിഡിന് ശേഷം ആദ്യമായാണ് റീപ്പോ നിരക്കിൽ ഇളവുകൾ വരുത്തുന്നതും 2020മേയിൽ ആർബിഐ റിപ്പോ നിരക്ക് നാല് ശതമാനമായി കുറച്ച ശേഷം 2022 മുതൽ റിപ്പോ നിരക്ക് വർധിച്ചു.
വിദേശ ഓപ്പറേറ്റർമാർ കഴിഞ്ഞവാരം 9659 കോടി രൂപയുടെ ഓഹരികൾ വിറ്റു, ഒരു ദിവസം അവർ 809.23 കോടി രൂപയുടെ നിക്ഷേപവും നടത്തി. ആഭ്യന്തര ഫണ്ടുകൾ ഒരു ദിവസം 430.70 കോടി രൂപയുടെ വിൽപ്പനയ്ക്ക് തയ്യാറായി, മറ്റ് ദിവസങ്ങളിലായി അവർ മൊത്തം 6879 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചു, ഈ വർഷം കൂടുതൽ ഇളവുകൾക്ക് നീക്കം നടത്തുമെന്ന സൂചനയും അവരിൽ നിന്നുണ്ടായി. ഇതിനിടയിൽ വേണ്ടി വന്നാൽ പലിശ നിരക്ക് ഉയർത്തി യെന്നിനെ ശക്തിപ്പെടുത്തുമെന്ന മുന്നറിയിപ്പ് ജപ്പാൻ കേന്ദ്ര ബാങ്ക് വ്യക്താക്കളിൽ നിന്നും പുറത്തുവന്നത് ഡോളർ സൂചികയെ പിടിച്ചുലച്ചു. ഇതിനിടയിൽ യെന്നിന്റെ വിനിമയ മൂല്യം 151ലേക്ക് ശക്തിപ്രാപിച്ചു. ജപ്പാൻ പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനത്തെ ഏറെ പ്രാധാന്യതോടെയാണ് സാമ്പത്തിക മേഖല ഉറ്റുനോക്കുന്നത്.
തിളങ്ങി സ്വർണം
ആഗോള സ്വർണ വിപണി വീണ്ടും തിളങ്ങി. സ്വർണ വില ട്രോയ് ഔൺസിന് 2797 ഡോളറിൽ നിന്നും 2772ലേക്ക് താഴ്ന്നതിനിടയിലെ ശക്തമായ വാങ്ങൽ താത്പര്യത്തിൽ മഞ്ഞലോഹം 2885 ഡോളർ വരെ കുതിച്ചശേഷം ക്ലോസിംഗൽ 2860 ഡോളറിലാണ്. വിപണി ബുള്ളിഷ് മൂഡ് നിലനിർത്തുന്ന സാഹചര്യത്തിൽ 2980 ഡോളർ കൈപിടിയിൽ ഒരുക്കിയാൽ അടുത്ത ചുവടുവയ്പ്പിൽ 3000-3024 ഡോളർ ലക്ഷ്യമാക്കി മുന്നേറാം.