ഇവി വിൽപ്പന ഉയർന്നു
Sunday, January 19, 2025 1:57 AM IST
മാത്തുക്കുട്ടി ടി. കൂട്ടുമ്മേൽ
ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളോടുള്ള പ്രിയം വർധിക്കുന്നു. 2023നെക്കാൾ ഒരു ശതമാനത്തിലേറെ വളർച്ചയാണ് 2024ൽ നേടാനായത്. ഇവികളുടെ വിൽപ്പന 2023ൽ 4.44 ശതമാനമായിരുന്നെങ്കിൽ കഴിഞ്ഞ വർഷം 5.59 ശതമാനമായി ഉയർന്ന് 14.08 ലക്ഷം ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയാണ് നടന്നത്. ഭാവിയിലെ ഇലക്ട്രിക് വാഹന വിപണി മുന്നിൽക്കണ്ട് പ്രമുഖ കന്പനികളുടെ ഒരു ഡസനിലേറെ വാഹനങ്ങളാണ് പുറത്തിറങ്ങാൻ തയാറായി നിൽക്കുന്നത്.
ഇലക്ട്രിക് കാർ വിൽപ്പന 20 % വളർന്നു
2024 അവസാനത്തോടെയുണ്ടായ വിലക്കുറവ് ഇലക്ട്രിക് കാറുകളുടെ വിൽപ്പന 20% ഉയർത്തി. 2024ൽ ഒരു ലക്ഷത്തിനുടത്ത് കാറുകളുടെ വിൽപ്പനയാണ് നടന്നത്. മുൻ വർഷം 82,688 യൂണിറ്റുകളുടെ വില്പനയും.
മോശം പബ്ലിക് ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ, ബാറ്ററിയുടെ ആയുസ്, വർഷങ്ങൾക്കുശേഷം വാഹനങ്ങളുടെ റീസെയ്ൽ വില എന്നിവയെക്കുറിച്ച് ഉപഭോക്താക്കളുടെ പരാതികളും സംശയങ്ങൾക്കുമിടയിലാണ് വളർച്ച.
ഡീലർ അസോസിയേഷൻ ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷനിൽ നിന്ന് ലഭിച്ച റീട്ടെയിൽ കണക്കുകൾ പ്രകാരം 40.7 ലക്ഷം യൂണിറ്റുകളാണ് 2024ൽ വിറ്റുപോയത്. ഇതിൽ 2.4% ഇലക്ട്രിക് വാഹനങ്ങളായിരുന്നു. 2023ൽ ഈ വിഹിതം 2.1% ആയിരുന്നു.
ഇന്റേണൽ കംബസ്റ്റൻ എൻജിൻ (ഐസിഇ) വാഹനങ്ങളാണ് (പെട്രോൾ, പെട്രോൾ-സിഎൻജി, പെട്രോൾ-ബാറ്ററി (ഹൈബ്രിഡുകൾ), ഡീസൽ എന്നിവ ഉപയോഗിച്ച് പ്രവർത്തിക്കുന്നവ) ഇപ്പോഴും വാഹനവിപണിയിൽ മുൻപന്തിയിൽ. വിപണിയിൽ വലിയ സ്ഥാനം നേടാൻ ഇവികൾക്ക് ഇനിയും ഏറെ പോകാനുണ്ടെന്നാണ് കണക്കുകൾ.
61,496 യൂണിറ്റുകൾ വിറ്റ ടാറ്റ മോട്ടോഴ്സ് തന്നെയാണ് 2024ലും ഇവി വിപണിയിൽ മുൻനിരയിൽ. 2023ൽ ടാറ്റ 60,100 യൂണിറ്റുകളുടെ വിൽപ്പനയാണ് നടത്തിയത്. എന്നാൽ, വിപണി വിഹിതം 2023ലെ 73 ശതമാനത്തിൽനിന്ന് 62 ശതമാനമായി കുറഞ്ഞു. ടിയാഗോ ഹാച്ച്, ടിഗോർ സെഡാൻ, പഞ്ച് മിനി എസ്യുവി, നെക്സോണ്, കർവ് എസ്യുവികൾ എന്നിവ ഉൾപ്പെടുന്ന ഐസിഇ മോഡലുകളുടെ ഇലക്ട്രിക് പതിപ്പുകളാണ് ടാറ്റ വിൽക്കുന്നത്. പുതിയതായി ലോഞ്ച് ചെയ്യുന്ന സിയാറ (എല്ലാ എസ്യുവികളും) കൂടാതെ ഹാരിയറിനും സഫാരിക്കും ഇലക്ട്രിക് പതിപ്പുകൾ അവതരിപ്പിക്കുന്നതോടെ കന്പനി ഈ വർഷവും മുൻനിരയിൽ തുടരാനാണ് സാധ്യത.
2024ൽ വിൽപ്പനയിൽ 125 ശതമാനം വളർച്ച നേടിയ ജെഎസ്ഡബ്ല്യു എംജി മോട്ടോർ ആണ് ഇവി വിൽപ്പനയിൽ രണ്ടാമത്. 2024ൽ 21,484 യൂണിറ്റുകളുടെ വിൽപ്പനയാണ് നടന്നത്. മുൻ വർഷമത് 9526 യൂണിറ്റുകളായിരുന്നു.
ബാറ്ററി ആസ് എ സർവീസ് അല്ലെങ്കിൽ ബാറ്ററി റെന്റൽ മോഡലുമായി വന്ന വിൻഡ്സർ എസ്യുവി പുറത്തിറക്കിയതാണ് കന്പനിയുടെ കുതിപ്പിന് വഴിയൊരുക്കിയത്.
യുഎസിലും റിക്കാർഡ് വർധന
എല്ലാ തരത്തിലുമുള്ള ഇലക്ട്രിക് വാഹനങ്ങളുടെയും ഹൈബ്രിഡ് മോഡലുകളുടെയും വിൽപ്പന കഴിഞ്ഞ വർഷം ആദ്യമായി യുഎസിലെ പുതിയ കാർ, ട്രക്ക് വിൽപ്പനയുടെ 20 ശതമാനത്തിലെത്തി. മോട്ടോർ ഇന്റലിജൻസ് പുറത്തുവിട്ട കണക്കകൾ പ്രകാരം കഴിഞ്ഞ വർഷം 32 ലക്ഷം ഇലക്ട്രിഫൈഡ് വാഹനങ്ങളുടെ വിൽപ്പനയാണ് നടന്നത്. പ്ലഗ്-ഇൻ മോഡലുകൾ ഉൾപ്പെടെ 19 ലക്ഷം ഹൈബ്രിഡ് വാഹനങ്ങളും 13 ലക്ഷം ഓൾ-ഇലക്ട്രിക് മോഡലുകളുമാണ് വിറ്റത്.
ഇപ്പോഴും പരന്പരാഗത വാഹനങ്ങളാണ് (ഐസിഇ) വിൽപ്പനയിൽ മുന്നിലുള്ളത്. എന്നാൽ, 79.8% ആയി കുറഞ്ഞു. കണക്കുകൾ പ്രകാരം ഓട്ടോമോട്ടീവ് ചരിത്രത്തിൽ ആദ്യമായാണ് 80%ൽ താഴെയാകുന്നത്.
ഇവി വിൽപ്പനയിൽ ടെസ്ലയാണ് മുൻപന്തിയിൽ. എന്നാൽ, വിപണിവിഹിതം 2023ലെ 55 ശതമാനത്തിൽനിന്ന് 49 ശതമാനമായി കുറഞ്ഞു. ഹ്യുണ്ടായി മോട്ടോർ, കിയ (9.3%), ജനറൽ മോട്ടോഴ്സ് (8.7%), ഫോർഡ് (7.5%), 4.1 ശതമാനവുമായി ബിഎംഡബ്ല്യു എന്നിവയാണ് ആദ്യ അഞ്ചിലുള്ളത്.
യുഎസിലെ ഇവി വിപണിയിൽ കടുത്ത മത്സര മുണ്ട്. 68 മുഖ്യധാരാ ഇവി മോഡലുകളിൽ, 24 മോഡലുകൾ വിൽപ്പന വർധന രേഖപ്പെടുത്തി. 17 മോഡലുകൾ വിപണിയിൽ പുതിയതായെത്തി. 27 എണ്ണത്തിന്റെ കച്ചവടം കുറഞ്ഞു.
ട്രംപ് ഭരണകൂടം വിവിധ നടപടികൾ കൈക്കൊള്ളാനിരിക്കേ ഈ വർഷം എല്ലാ ഇലക്ട്രിക്, പ്ലഗ്-ഇൻ ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങളുടെയും വിൽപ്പന എങ്ങനെയായിരിക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വമുണ്ട്.
നിലവിൽ, ഇവികളും പ്ലഗ്-ഇൻ ഇലക്ട്രിക് വാഹനങ്ങളും വാങ്ങുന്നതിന് 7,500 ഡോളർ വരെ ഫെഡറൽ ക്രെഡിറ്റായി സബ്സിഡി നൽകുന്നുണ്ട്. ഇവികൾക്കു നൽകുന്ന മറ്റ് ആനുകൂല്യങ്ങൾക്കൊപ്പം നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇത് എടുത്തുകളയാനുള്ള സാധ്യതയുണ്ട്.
ആഗോളതലത്തിലും ഉയർച്ച
2024 ഇവി വിൽപ്പനയിൽ റിക്കാർഡ് കുറിച്ച വർഷമായിരുന്നു. ലോകമെന്പാടുമുള്ള ബാറ്ററി ഇലക്ട്രിക് വാഹനങ്ങളുടെയും (ബിഇവി) പ്ലഗ്-ഇൻ ഹൈബ്രിഡുകളുടെയും വിൽപ്പന 25% വർധിച്ച് 1.71 കോടി യൂണിറ്റിലെത്തി.
2024 ഡിസംബർ റിക്കാർഡ് വിൽപ്പന നടന്ന തുടർച്ചയായ നാലാമത്തെ മാസമായിരുന്നു. ആഗോളതലത്തിൽ 1.9 മില്യണിലധികം യൂണിറ്റുകളാണ് വിറ്റഴിച്ചത്. നവംബറിനെ അപേക്ഷിച്ച് ഇത് 5% വർധനവാണ്.
ചൈനീസ് ഇലക്ട്രിക് വാഹന വിപണിയിലെ വളർച്ചയും കഴിഞ്ഞ വർഷത്തെ മികച്ച പ്രകടനത്തിന് കാരണമായി. ചൈനീസ് ഇവി വിപണി മുൻവർഷത്തെ അപേക്ഷിച്ച് 40% ഉയർന്ന് 1.1 കോടി യൂണിറ്റുകളുടെ വിൽപ്പന നടത്തി. ഇവി നിർമാതാക്കൾക്ക് ഗണ്യമായ സർക്കാർ ആനുകൂല്യങ്ങളും സബ്സിഡിയും നൽകിയതാണ് ഇതിന് കാരണം.
വാഹന നികുതി ക്രെഡിറ്റുകൾ വെട്ടിക്കുറയ്ക്കാനുള്ള നിയുക്ത യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പദ്ധതികൾ പ്രാബല്യത്തിലാകുന്നതിനു മുന്പ് ഇവികൾ വാങ്ങുന്നതിനുണ്ടായ തിരക്ക് യു എസിൽ വിൽപ്പന ഉയർത്തി. അയൽരാജ്യമായ കാനഡയിലും ഇവിക്ക് മികച്ച വിപണിവിഹിത മുണ്ടാക്കാനായി.
യൂറോപ്പിൽ ഇവി വിപണി ഒരു പരിധിവരെ മന്ദഗതിയിലാണ്. ഇയു (യൂറോപ്യൻ യൂണിയൻ), യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷൻ (ഇഎഫ്ടിഎ), യുകെ എന്നിവിടങ്ങളിൽ ഉടനീളമുള്ള വിൽപ്പന മുൻ വർഷത്തെ അപേക്ഷിച്ച് മൂന്നു ശതമാനം കുറഞ്ഞ്് മുപ്പതു ലക്ഷം യൂണിറ്റുകളിലെത്തി. ഗവണ്മെന്റ് നികുതി ഇളവുകൾ കുറഞ്ഞത് ജർമനിയിലെ വിൽപ്പന കുറയുന്നതിന് കാരണമായി. ഇത് യൂറോപ്പിൽ ഇവി വിൽപ്പനയിലും ബാധിച്ചു.
ജർമനിയെ മറികടന്ന് യുകെ കഴിഞ്ഞ വർഷം യൂറോപ്പിൽ ഏറ്റവും വലിയ ഇലക്ട്രിക് വാഹന വിപണിയായി.