ഐബിഎംഎസ് ഏഴാം പതിപ്പ് 22 മുതല്‍ കൊച്ചിയില്‍
Sunday, January 19, 2025 1:57 AM IST
കൊച്ചി: രാജ്യത്തെ പ്രമുഖ ബോട്ട്, മറൈന്‍ അനുബന്ധ വ്യവസായങ്ങളുടെ പ്രദര്‍ശനമായ ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോയുടെ (ഐബിഎംഎസ്) ഏഴാം പതിപ്പ് 22 മുതല്‍ 24 വരെ എറണാകുളം ബോള്‍ഗാട്ടി പാലസ് ഇവന്റ് സെന്ററില്‍ നടക്കും.
ഈ രംഗത്തെ വ്യവസായ മേഖലയില്‍ നിന്നുമുള്ളവര്‍ മേളയില്‍ പങ്കെടുക്കുമെന്ന് സംഘാടകരായ ക്രൂസ് എക്സ്പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ജല വിനോദങ്ങളും മേളയുടെ ഭാഗമാകും.
55ലധികം സ്ഥാപനങ്ങള്‍ അവരുടെ ഉത്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കും. കേരളത്തില്‍നിന്നുള്ള എംഎസ്എംഇകളുടെ പ്രത്യേക ഇന്‍ഡസ്ട്രി പവലിയനും ഐബിഎംഎസിന്റെ ഭാഗമാകും.
വിവിധ വാട്ടര്‍ സ്പോര്‍ട്സ്, ലീഷര്‍ ബോട്ട് ഉപകരണ നിര്‍മാതാക്കള്‍, സേവനദാതാക്കള്‍ എന്നിവരെ തെരഞ്ഞെടുക്കുന്നതിനായി മാലി, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള ടൂര്‍ ഒപ്പറേറ്റര്‍മാരും ഇതിന്റെ ഭാഗമാകുമെന്ന് സംഘാടകര്‍ അറിയിച്ചു.