ആർസിബിക്കും കോഹ്ലിക്കും പച്ചപ്പ്...
Monday, April 14, 2025 1:52 AM IST
ജയ്പുര്‍: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍ റോയല്‍ ചലഞ്ചേഴ്സിനും സൂപ്പര്‍ താരം വിരാട് കോഹ്ലിക്കും പച്ച ജഴ്സിയില്‍ വിജയപച്ചപ്പ്...
സഞ്ജു സാംസണ് നയിക്കുന്ന രാജസ്ഥാന് റോയല്‍സിനെ ഒമ്പതു വിക്കറ്റിന് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു കീഴടക്കി. 15 പന്തുകള്‍ ബാക്കിവച്ചായിരുന്നു ആര്‍സിബിയുടെ ജയം. 33 പന്തില്‍ ആറ് സിക്സും അഞ്ച് ഫോറും അടക്കം 65 റണ്‍സ് അടിച്ചുകൂട്ടിയ ബംഗളൂരു ഓപ്പണര്‍ ഫില്‍ സാള്‍ട്ടാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.
പച്ചയില്‍ അഞ്ചാം ജയം
റോയല്‍ ചലഞ്ചേഴ്സിന്റെ രണ്ടാം ജഴ്സിയായ പച്ചനിറമണിഞ്ഞാണ് ടീം ഇന്നലെ രാജസ്ഥാന് എതിരേ ഇറങ്ങിയത്. പച്ച ജഴ്സിയില്‍ മുമ്പ് കളിച്ച 13 മത്സരങ്ങളില്‍ എട്ടിലും ആര്‍സിബിക്കു തോല്‍വിയായിരുന്നു. ജയിക്കാനായത് വെറും നാല് എണ്ണത്തില്‍ മാത്രം. എന്നാല്‍, പഴയ ചരിത്രം സൈഡിലേക്കു മാറ്റിവച്ച് ഇന്നലെ പച്ചയില്‍ ആര്‍സിബി ജയം സ്വന്തമാക്കി. അതും ആധികാരികമായി.
കോഹ്ലിക്ക് 250ല്‍ 100 ഫിഫ്റ്റി
ഐപിഎല്ലില്‍ ആര്‍സിബി സൂപ്പര്‍ താരം വിരാട് കോഹ്ലിക്ക് ഇന്നലെ 250-ാം ഇന്നിംഗ്സ് ആയിരുന്നു. രോഹിത് ശര്‍മ (257) മാത്രമാണ് കോഹ്ലിക്കു മുന്നിലുള്ളത്. രാജസ്ഥാന് റോയല്‍സിന് എതിരേ ഫില്‍ സാള്‍ട്ടും കോഹ്ലിയും ചേര്‍ന്നുള്ള ഓപ്പണിംഗ് കൂട്ടുകെട്ട് 8.4 ഓവറില്‍ 92 റണ്‍സ് നേടിയശേഷമാണ് പിരിഞ്ഞത്. 45 പന്തില്‍ രണ്ട് സിക്സും നാലു ഫോറും അടക്കം കോഹ്ലി 62 റണ്‍സുമായി പുറത്താകാതെ നിന്നു. കോഹ്ലിക്കൊപ്പം ദേവ്ദത്ത് പടിക്കലും (28 പന്തില്‍ 40 നോട്ടൗട്ട്) പുറത്തായില്ല.
ട്വന്റി-20 കരിയറില്‍ കോഹ്ലിയുടെ 100-ാം അര്‍ധസെഞ്ചുറിയാണ് ഇന്നലെ പിറന്നത്. ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റിക്കാര്‍ഡും കോഹ്ലി സ്വന്തമാക്കി. ഓസ്ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ (108) ആണ് ട്വന്റി-20 ക്രിക്കറ്റില്‍ ഇതിനു മുന്‍പ് അര്ധസെഞ്ചുറികൊണ്ട് സെഞ്ചുറി തികച്ച ഏകതാരം.
ദേവ്ദത്ത് പടിക്കല്‍ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സിനുവേണ്ടി 1000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത് ഇന്ത്യൻ താരമായി. കോഹ്ലി (8252) മാത്രമാണ് ഈ നേട്ടം മുമ്പ് സ്വന്തമാക്കി ഇന്ത്യക്കാരൻ.
ജയ്സ്വാള്‍ ഫിഫ്റ്റി
ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ രാജസ്ഥാന് റോയല്‍സിനുവേണ്ടി ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ അര്‍ധസെഞ്ചുറി നേടി. 47 പന്തില്‍ രണ്ടു സിക്സും 10 ഫോറും അടക്കം ജയ്സ്വാള്‍ 75 റണ്‍സ് അടിച്ചെടുത്തു. സഞ്ജു സാംസണിന് (19 പന്തില്‍ 15) തിളങ്ങാനായില്ല. റിയാന്‍ പരാഗ് (22 പന്തില്‍ 30), ധ്രുവ് ജുറെല്‍ (23 പന്തില്‍ 35 നോട്ടൗട്ട്) എന്നിവരുടെ സ്കോറിംഗ് മന്ദഗതിയിലായതോടെ രാജസ്ഥാന് റോയല്‍സിന്റെ സ്കോര്‍ബോര്‍ഡ് 173ല്‍ നിശ്ചലം.