വിജയതിലകം; ഡൽഹി ക്യാപ്പിറ്റൽസിനെ കെട്ടുകെട്ടിച്ച് മുംബൈ ഇന്ത്യൻസ്
Monday, April 14, 2025 1:52 AM IST
ന്യൂഡൽഹി: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 18-ാം സീസണിൽ തോൽവി അറിയാതെ മുന്നേറുകയായിരുന്ന ഡൽഹി ക്യാപ്പിറ്റൽസിനെ കെട്ടുകെട്ടിച്ച് മുംബൈ ഇന്ത്യൻസ്. അവസാന മൂന്നു വിക്കറ്റുകൾ റണ്ണൗട്ടിന്റെ രൂപത്തിൽ നഷ്ടപ്പെട്ട ഡൽഹി ക്യാപ്പിറ്റൽസ് 12 റൺസിനാണ് തോൽവി വഴങ്ങിയത്. സ്കോർ: മുംബൈ ഇന്ത്യൻസ് 205/5 (20). ഡൽഹി ക്യാപ്പിറ്റൽസ് 193 (19). ഡൽഹി ക്യാപ്പിറ്റൽസിനുവേണ്ടി കരുൺ നായർ 40 പന്തിൽ 89 റൺസ് അടിച്ചെടുത്ത് ഐപിഎല്ലിലേക്കുള്ള മടങ്ങിവരവ് ആഘോഷിച്ചു.
ടോസ് നേടിയ ഡൽഹി ക്യാപ്പിറ്റൽസ് ക്യാപ്റ്റൻ അക്സർ പട്ടേൽ ബൗളിംഗ് തെരഞ്ഞെടുത്തു. മുംബൈ ഇന്ത്യൻസിന്റെ രോഹിത് ശർമയ്ക്ക് (12 പന്തിൽ 18) ഇന്നലെയും ലഭിച്ച തുടക്കം മുന്നോട്ടുകൊണ്ടുപോകാൻ സാധിച്ചില്ല.
റയാൻ റിക്കെൽട്ടൺ (25 പന്തിൽ 41), സൂര്യകുമാർ യാദവ് (28 പന്തിൽ 40) എന്നിവർ അതിവേഗ സ്കോറിംഗിനിടെ പുറത്ത്. തുടർന്നു ക്രീസിലെത്തിയ തിലക് വർമ അർധസെഞ്ചുറി സ്വന്തമാക്കി. തിലക് വർമ 33 പന്തിൽ 59 റൺസ് നേടി. 17 പന്തിൽ 38 റൺസുമായി നമാൻ ധിർ പുറത്താകാതെ നിന്നു.