അമ്മയ്ക്കും കൂട്ടുകാര്‍ക്കും ആനന്ദാഭിഷേകം...
Monday, April 14, 2025 1:52 AM IST
കൊടുങ്കാറ്റിനു മുമ്പു ശാന്തതയുണ്ടെന്നതു കണ്ടറിവ്... കഴിഞ്ഞദിവസം ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തെ പിടിച്ചുലച്ചൊരു കൊടുങ്കാറ്റു വീശി. ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദും പഞ്ചാബ് കിംഗ്സും തമ്മിലുള്ള പോരാട്ടമായിരുന്നു വേദി. കൊടുങ്കാറ്റായത് അഭിഷേക് ശര്‍മ. തുടര്‍ച്ചയായ അഞ്ച് ഇന്നിംഗ്സിലെ ശാന്തതയ്ക്കുശേഷമായിരുന്നു അഭിഷേക് കൊടുങ്കാറ്റായത്.
മത്സരത്തില്‍ പഞ്ചാബ് മുന്നോട്ടുവച്ച 246 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യത്തിനായി ക്രീസിലെത്തിയ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി 55 പന്ത് നേരിട്ട അഭിഷേക് ശര്‍മയുടെ ബാറ്റില്‍നിന്നു പിറന്നത് 141 റണ്‍സ്. അയാളുടെ ബാറ്റില്‍നിന്നു പന്ത് നിലംതൊടാതെ കൊടുങ്കാറ്റിന്റെ വേഗത്തില്‍ ഗാലറിയിലേക്കു പറന്നത് 10 തവണ, നിലംതൊട്ട് വേലിക്കെട്ട് കടന്നത് 14 പ്രാവശ്യവും...
18-ാം സീസണ് ഐപിഎല്ലില്‍ അതുവരെയുള്ള അഭിഷേകിന്റെ ശാന്തതയില്‍ മനംനൊന്ത അച്ഛനമ്മമാരെയും സുഹൃത്തുക്കളെയും ആനന്ദാഭിഷേകം ചെയ്യുന്നതായിരുന്നു ആ ബാറ്റിംഗ് കൊടുങ്കാറ്റ്. അഭിഷേക് സെഞ്ചുറി തികച്ചതും ഗാലറിയിലുണ്ടായിരുന്ന അമ്മ മഞ്ജു ശര്‍മയ്ക്കു വികാരങ്ങള്‍ നിയന്ത്രിക്കാനായില്ല. ഹൈദരാബാദ് ടീം ഉടമ കാവ്യമാരന്‍ മഞ്ജു ശര്‍മയെ ചേര്‍ത്തണച്ചു. അതോടെ അഭിഷേകിന്റെ സെഞ്ചുറിപോലെ അമ്മയും സോഷ്യല്‍ മീഡിയയില്‍ തരംഗമായി.
“എല്ലാവരും സന്തോഷത്തിലാണ്, ഞാനും. ജയിച്ചതോടെ ഹൈദരാബാദ് മുഴുവന്‍ അഹ്ലാദത്തില്‍. ഇതുവരെ ചെറിയ തടസമുണ്ടായിരുന്നു (അഭിഷേക് റണ്‍സ് നേടാത്തത്). ഇപ്പോള്‍ എല്ലാം മാറി, ഇനി അത് തുടരും’’ - അഭിഷേകിന്റെ അമ്മ മഞ്ജു പറഞ്ഞു.
ദിസ് വണ്‍ ഈസ് ഫോര്‍ ഓറഞ്ച് ആര്‍മി
സെഞ്ചുറി തികച്ചതിന്റെ ആഹ്ലാദത്തിനു പിന്നാലെ വെള്ളക്കടലാസില്‍ എഴുതി സൂക്ഷിച്ച ഒരു കുറിപ്പ് അഭിഷേക് ശര്‍മ മൈതാനത്തുവച്ച് ഉയര്‍ത്തിക്കാണിച്ചു. ദിസ് ഈസ് ഫോര്‍ ഓറഞ്ച് ആര്‍മി (ഇത് ഓറഞ്ച് ആര്‍മിക്കു വേണ്ടി) എന്നായിരുന്നു എഴുതിയിരുന്നത്. അതായത്, തകര്‍ത്തടിക്കാന്‍ മനസില്‍ കരുതി അതിനുള്ള തയാറെടുപ്പുമായാണ് അഭിഷേക് ക്രീസില്‍ എത്തിയതെന്നു വ്യക്തം.
മുന്‍കൂട്ടി എഴുതിയ കുറിപ്പിനെ സാധൂകരിക്കുന്ന മാസ്മരിക ബാറ്റിംഗ് കൊടുങ്കാറ്റ് അഭിഷേക് നടത്തിയത് അയാളുടെ മനക്കരുത്തിന്റെ നേര്‍ചിത്രംകൂടിയാണ്. പഞ്ചാബ് കിംഗ്സിന് എതിരായ മത്സരത്തിലെ സെഞ്ചുറിക്കു മുമ്പു കളിച്ച അഞ്ച് ഐപിഎല്‍ ഇന്നിംഗ്സുകളില്‍ രണ്ടുതവണ മാത്രമായിരുന്നു അഭിഷേക് ശര്‍മ രണ്ടക്കം കണ്ടത് എന്നതുകൂടി ഓര്‍മിച്ചാല്‍ മാത്രമേ അയാളുടെ മനക്കരുത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും ആഴം മനസിലാകൂ...