പനിയായിരുന്നു; പിന്തുണച്ചത് യുവരാജും സൂര്യകുമാറും
Monday, April 14, 2025 1:52 AM IST
“കഴിഞ്ഞ നാലു ദിവസങ്ങളായി പനിയായിരുന്നു. പക്ഷേ, ഞാന്‍ ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത് യുവരാജ് സിംഗിനോടും സൂര്യകുമാറിനോടുമാണ് (സൂര്യകുമാര്‍ യാദവ്). കാരണം, കഴിഞ്ഞ ദിവസങ്ങളിലെല്ലാം അവര്‍ രണ്ടുപേരുമാണ് എന്നെ നിരന്തരം വിളിച്ചതും പ്രചോദിപ്പിച്ചതും. എനിക്ക് ഇത്തരത്തില്‍ ബാറ്റ് ചെയ്യാന്‍ സാധിക്കുമെന്ന് അവര്‍ക്ക് അറിയാം”- അഭിഷേക് ശര്‍മ തന്റെ റിക്കാര്‍ഡ് ഇന്നിംഗ്സിനുശേഷം പ്രതികരിച്ചു. അഭിഷേകിന്റെ മെന്ററാണ് യുവരാജ്.
യുവരാജിന്റെ അച്ഛന് യോഗ് രാജ് സിംഗിന്റെ ശിക്ഷണത്തിലും അഭിഷേക് പരിശീലിച്ചിട്ടുണ്ട്.
വിജയകരമായ ചേസിംഗിനിടെ ഏറ്റവും കൂടുതല്‍ ട്വന്റി-20 സെഞ്ചുറി (ഏഴ്), ഐപിഎല്ലില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ (141) തുടങ്ങിയ റിക്കാര്‍ഡ് കുറിച്ചായിരുന്നു അഭിഷേക് ക്രീസ് വിട്ടത്.
ഇംഗ്ലണ്ടിന് എതിരായ ട്വന്റി-20 പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ 54 പന്തില്‍ 135 റണ്‍സ് നേടിയശേഷമായിരുന്നു അഭിഷേക് ഐപിഎല്‍ പോരാട്ടത്തിനായി സണ്‍റൈസേഴ്സ് ക്യാമ്പിലെത്തിയത്. എന്നാല്‍, 2025 ഐപിഎല്‍ സീസണിലെ ആദ്യ അഞ്ച് ഇന്നിംഗ്സിലും അഭിഷേക് ശര്‍മയ്ക്കു തിളങ്ങാന്‍ സാധിച്ചിരുന്നില്ല. 24, 6, 1, 2, 18 എന്നിങ്ങനെയായിരുന്നു സ്കോറുകള്‍. ആറാം ഇന്നിംഗ്സില്‍ സെഞ്ചുറിയുമായി അഭിഷേക് തിരിച്ചെത്തിയതിന്റെ ആവേശത്തിലാണ് ഹൈദരാബാദിന്റെ ഓറഞ്ച് ആര്‍മിയും ആരാധകരും...