38-ാം ദേശീയ ഗെയിംസിൽ കേരളത്തിന് ഇന്നലെ രണ്ടു വെള്ളി മെഡൽ
Tuesday, February 4, 2025 2:27 AM IST
അനിൽ തോമസ്
ദേശീയ ഗെയിംസിൽ ഇന്നലെ നീന്തൽക്കുളത്തിലും സൈക്ലിംഗ് ട്രാക്കിലും കേരളത്തിനു വെള്ളിത്തിളക്കം. 200 മീറ്റർ വ്യക്തിഗത മെഡ്ലെയിൽ സജൻ പ്രകാശും 15 കിലോമീറ്റർ സ്ക്രാച്ച് റോഡ് ഇവന്റിൽ അദ്വൈത് ശങ്കറുമാണ് മെഡൽ നേട്ടക്കാർ. ഇതോടെ ആറ് സ്വർണവും അഞ്ച് വെള്ളിയും നാല് വെങ്കലവും ഉൾപ്പെടെ 15 മെഡലുകൾ കേരളത്തിന്റെ അക്കൗണ്ടിലുണ്ട്.
സർവീസസിനെ മറികടന്ന് 42 മെഡൽ നേട്ടവുമായി കർണാടക ഒന്നാമതെത്തി. 22 സ്വർണവും 10 വീതം വെള്ളിയും വെങ്കലവുമാണ് കർണാടകയ്ക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള സർവീസസിന് 19 സ്വർണവും 10 വെള്ളിയും ഒന്പതു വെങ്കലവും അടക്കം 38 മെഡലുകളുണ്ട്. കേരളം പോയിന്റ് പട്ടികയിൽ 11-ാമതാണ്.
ബാസ്കറ്റിൽ ഇരട്ട ഫൈനൽ
3x3 ബാസ്കറ്റ്ബോളിൽ കേരളത്തിന്റെ പുരുഷ, വനിതാ ടീമുകൾ ഫൈനലിൽ പ്രവേശിച്ചു. മധ്യപ്രദേശിനെയാണ് വനിതകൾ പരാജയപ്പെടുത്തിയത്. സ്കോർ: 13-10. ഫൈനലിൽ തെലുങ്കാനയെ നേരിടും. സെമിയിൽ തമിഴ്നാടിനെ തോൽപ്പിച്ചാണ് പുരുഷ ടീം ഫൈനലിൽ കടന്നത്. വാട്ടർപോളോയിൽ വനിതകൾ ഫൈനലിൽ പ്രവേശിച്ചു. മഹാരാഷ്ട്രയാണ് എതിരാളി. മൂന്നാം സ്ഥാനത്തിനായി പുരുഷ ടീം ഇന്നു ബംഗാളിനെ നേരിടും.
താരമായി സജൻ
നീന്തൽക്കുളത്തിൽ ഇന്നലെയും കേരളത്തിനു വെള്ളിത്തിളക്കം. 200 മീറ്റർ വ്യക്തിഗത മെഡ്ലെയിൽ സജൻ പ്രകാശ് കേരളത്തിനായി വെള്ളി നേടി. ഇതോടെ 38-ാമത് ദേശീയ ഗെയിംസിൽ സജന്റെ മെഡൽ നേട്ടം നാലായി. ഒന്നു വീതം സ്വർണവും വെള്ളിയും രണ്ട് വെങ്കലവുമാണ് 32കാരനായ സജനുള്ളത്.
ഫ്രീ സ്റ്റൈൽ റിലേയാണ് നീന്തൽക്കുളത്തിലെ സജന്റെ അവസാന മത്സരം.ദേശീയ ഗെയിംസിൽ സജന്റെ ആകെ മെഡൽ നേട്ടം 30 ആയി. 2015ലെ കേരള നാഷണൽ ഗെയിംസിൽ ആറ് സ്വർണവും മൂന്ന് വെള്ളിയും അടക്കം ഒന്പത് മെഡൽ നേടിയതാണ് സജന്റെ ദേശീയ ഗെയിംസിലെ മികച്ച പ്രകടനം.
ചാന്പ്യന്മാർക്കും മേലേ
ദേശീയ ഗെയിംസിൽ നിലവിലെ ചാന്പ്യന്മാരായ സർവീസസിനെ നിലംപരിശാക്കി കേരളത്തിന്റെ പുരുഷ ഫുട്ബോൾ ടീം സെമിയിൽ കടന്നു. അവസാന ഗ്രൂപ്പ് മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു കേരളത്തിന്റെ തകർപ്പൻ ജയം. ഇതോടെ ആറു പോയിന്റുമായി ഡൽഹിക്കൊപ്പം കേരളവും സെമിയിൽ പ്രവേശിച്ചു.
ആദ്യ കളിയിൽ മണിപ്പുരിനെ തോൽപ്പിച്ച കേരളം രണ്ടാം മത്സരത്തിൽ ഡൽഹിയോടു പരാജയപ്പെട്ടിരുന്നു.
തുടക്കത്തിലേ ഗോൾ കീപ്പർ ഗഗൻദീപ് ചുവപ്പ് കാർഡ് കണ്ടത് സർവീസസിന് കനത്ത തിരിച്ചടിയായി. കേരളത്തിനുവേണ്ടി ആദിൽ രണ്ടും ബബിൽ ഒരു ഗോളും നേടി. 1997ൽ ബംഗളൂരുവിൽ നടന്ന ദേശീയ ഗെയിംസിലാണ് കേരളം അവസാനമായി സ്വർണമണിഞ്ഞത്. 2022ലെ ഗുജറാത്ത് ഗെയിംസിൽ വെള്ളി നേടിയപ്പോൾ ഗോവയിൽ വെങ്കലമായിരുന്നു. ഷഫീഖ് ഹസനാണ് പരിശീലകൻ.