അഭിഷേക് ശർമ (79), വരുൺ ചക്രവർത്തി (3/23) തിളങ്ങി, ഇന്ത്യക്കു ജയം
Thursday, January 23, 2025 12:39 AM IST
കോൽക്കത്ത: ഇന്ത്യൻ ചക്രവ്യൂഹത്തിലകപ്പെട്ട ഇംഗ്ലണ്ട് പിടഞ്ഞുവീണു. വരുൺ ചക്രവർത്തിയുടെ (3/23) സ്പിന്നും അഭിഷേക് ശർമയുടെ (79) അർധസെഞ്ചുറിയും ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി-20യിൽ ഇന്ത്യക്ക് ഏഴു വിക്കറ്റ് ജയം സമ്മാനിച്ചു.
43 പന്ത് ബാക്കിനിൽക്കേയാണ് സൂര്യകുമാർ യാദവിന്റെ സംഘം ജയമാഘോഷിച്ചത്. നാല് ഓവറിൽ 23 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ വരുൺ ചക്രവർത്തിയാണ് പ്ലെയർ ഓഫ് ദ മാച്ച്. അഞ്ചു മത്സര പരന്പരയിൽ ഇന്ത്യ 1-0ന്റെ ലീഡ് നേടി.
33 പന്തിൽ എട്ട് സിക്സും അഞ്ചു ഫോറും അടക്കം 79 റണ്‍സ് അഭിഷേക് ശർമ അടിച്ചുകൂട്ടി. മലയാളി വിക്കറ്റ് കീപ്പർ ബാറ്ററായ സഞ്ജു സാംസണ് നൽകിയ മികച്ച തുടക്കം മുതലെടുത്തായിരുന്നു ഇന്ത്യ ജയത്തിലേക്കു നീങ്ങിയത്.
133 റണ്‍സ് എന്ന ചെറിയ ലക്ഷ്യത്തിനായി ക്രീസിലെത്തിയ ഇന്ത്യക്കുവേണ്ടി സഞ്ജു സാംസണ് 20 പന്തിൽ നാലു ഫോറും ഒരു സിക്സും അടക്കം 26 റണ്‍സ് നേടി. ജോഫ്ര ആർച്ചർ എറിഞ്ഞ ആദ്യ ഓവറിൽ ഒരു റണ്‍ മാത്രം നേടിയ സഞ്ജു, ഗസ് അറ്റ്കിൻസണിന്റെ രണ്ടാം ഓവറിൽ 22 റണ്‍സ് അടിച്ചുകൂട്ടി. ഓപ്പണിംഗ് വിക്കറ്റിൽ 4.2 ഓവറിൽ 41 റണ്‍സ് നേടിയശേഷമാണ് സഞ്ജു മടങ്ങിയത്. മൂന്നാം നന്പറിലെത്തിയ സൂര്യകുമാർ യാദവ് മൂന്നു പന്ത് നേരിട്ടെങ്കിലും അക്കൗണ്ട് തുറക്കാതെ മടങ്ങി. തിലക് വർമയും (16 പന്തിൽ 19 നോട്ടൗട്ട്) അഭിഷേക് ശർമയും ചേർന്നുള്ള മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ 84 റണ്‍സ് പിറന്നു. ഇന്ത്യയുടെ ജയത്തിനും എട്ടു റണ്‍സ് അകലെ അഭിഷേകിനെ ആദിൽ റഷീദ് പുറത്താക്കി. ഹാർദിക് പാണ്ഡ്യയും (4 പന്തിൽ 3) പുറത്താകാതെനിന്നു.
ബട്ലർ മാത്രം
ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തേണ്ടിവന്ന ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സിൽ ക്യാപ്റ്റൻ ജോസ് ബട്ലർ മാത്രമാണ് തിളങ്ങിയത്. രണ്ടു സിക്സും എട്ടു ഫോറും അടക്കം ബട്ലർ 44 പന്തിൽ 68 റണ്‍സ് നേടി. ഓപ്പണർമാരായ ഫിൽ സാൾട്ട് (0), ബെൻ ഡക്കറ്റ് (4) എന്നിവരെ പുറത്താക്കി അർഷദീപ് സിംഗാണ് ഇംഗ്ലണ്ടിന്റെ മോഹങ്ങൾ തകർത്തത്. 18 മീറ്റർ പിന്നോട്ട് ഓടിയാണ് ഡക്കറ്റിന്റെ ക്യാച്ച് റിങ്കു സിംഗ് കൈക്കുന്പിളിലൊതുക്കിയത്.
വരുണ്‍ ചക്രവർത്തി മൂന്നും അക്സർ പട്ടേൽ, ഹാർദിക് പാണ്ഡ്യ എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. പരന്പരയിലെ രണ്ടാം മത്സരം ശനിയാഴ്ച ചെന്നൈയിൽ നടക്കും.
ഷമി ഗാലറിയിൽ
പേസർ മുഹമ്മദ് ഷമിയെ ഗാലറിയിൽ ഇരുത്തിയാണ് ഇന്ത്യ ഇന്നലെ ഇംഗ്ലണ്ടിനെതിരേ ഇറങ്ങിയത്. ഐസിസി 2023 ഏകദിന ലോകകപ്പ് ഫൈനലിനുശേഷം ഷമി ഇന്ത്യൻ സംഘത്തിൽ ഉൾപ്പെട്ട മത്സരമായിരുന്നു ഇന്നലെ കോൽക്കത്തയിൽ അരങ്ങേറിയത്.
അർഷദീപ് സിംഗ് മാത്രമായിരുന്നു ഇന്ത്യൻ പ്ലേയിംഗ് ഇലവനിലെ ഏക സ്പെഷലിസ്റ്റ് പേസർ. ഹാർദിക് പാണ്ഡ്യ, നിതീഷ് കുമാർ റെഡ്ഡി എന്നിവർ പേസ് ഓൾറൗണ്ടർമാരായും കളത്തിലെത്തി.
സ്കോര്‍ ചുരുക്കം
ഇംഗ്ലണ്ട്: 132 (20)
ജോസ് ബട്ലർ: 68 (44)
ഹാരി ബ്രൂക്ക്: 17 (14)
വരുൺ: 3/23 (4)
അർഷദീപ്: 2/17 (4)
ഇന്ത്യ: 133/3 (12.5)
അഭിഷേക് ശർമ: 79 (34)
സഞ്ജു: 26 (20)
ജോഫ്ര ആർച്ചർ: 2/21 (4)
ആദിൽ റഷീദ്: 1/27 (2)