രഞ്ജിയിൽ സ്റ്റാർ വാർ
Thursday, January 23, 2025 12:38 AM IST
മുംബൈ/ന്യൂഡൽഹി: രാജ്യാന്തര ടെസ്റ്റിൽ ഫോം കണ്ടെത്താനാകാതെ വന്നതോടെ ആഭ്യന്തര ടൂർണമെന്റായ രഞ്ജി ട്രോഫിയിലേക്ക് സൂപ്പർ താരങ്ങളെത്തുന്നു.
2024-25 സീസണ് രഞ്ജി ട്രോഫിയിൽ ഇന്നാരംഭിക്കുന്ന മത്സരങ്ങൾക്കായാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ അടക്കമുള്ള സൂപ്പർ താരങ്ങൾ എത്തുന്നത്. മുംബൈക്കുവേണ്ടി രോഹിത് ശർമ ഇറങ്ങുന്പോൾ ഡൽഹിക്കായി വിരാട് കോഹ്ലി എത്തുമോ എന്നതാണ് ആരാധകരുടെ കാത്തിരിപ്പ്.
2015നുശേഷം ആദ്യമായാണ് രോഹിത് രഞ്ജി കളിക്കുന്നത്. 2012നുശേഷം കോഹ്ലിയും രഞ്ജി ട്രോഫിക്ക് ഇറങ്ങിയിട്ടില്ല.
വിരാട്, ഋഷഭ് പന്ത്, ജഡേജ
കഴുത്തിനു വേദനയാണെന്ന കാരണത്താൽ ഇന്നു സൗരാഷ്ട്രയ്ക്കെതിരേ നടക്കുന്ന രഞ്ജി ട്രോഫിയിൽ വിരാട് കോഹ്ലി ഇറങ്ങാൻ സാധ്യത കുറവാണ്. എന്നാൽ, രാജ്കോട്ടിൽ ഇന്നു നടക്കുന്ന മത്സരത്തിൽ ഡൽഹിക്കായി ഋഷഭ് പന്ത് കളിക്കും. 2017നുശേഷം ആദ്യമായാണ് പന്ത് രഞ്ജി ട്രോഫിക്കെത്തുന്നത്.
സൗരാഷ്ട്രയ്ക്കുവേണ്ടി രവീന്ദ്ര ജഡേജയും കളത്തിലെത്തുന്നുണ്ട്. ജഡേജയ്ക്കൊപ്പം ചേതേശ്വർ പൂജാരയും സൗരാഷ്ട്ര സംഘത്തിലുണ്ട്.
രോഹിത്, ജയ്സ്വാൾ
ജമ്മു കാഷ്മീരിനെതിരായ മത്സരത്തിൽ മുംബൈക്കുവേണ്ടി രോഹിത് ശർമയും യശസ്വി ജയ്സ്വാളും ഓപ്പണിംഗ് ഇറങ്ങുമോ എന്നതാണ് അറിയേണ്ടത്. ഇവർക്കൊപ്പം അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യർ, ഷാർദുൾ ഠാക്കൂർ, ശിവം ദുബെ എന്നിങ്ങനെ നീളുന്നതാണ് നിലവിലെ ചാന്പ്യന്മാരായ മുംബൈയുടെ താരനിര.
ഗിൽ Vs കർണാടക
ഐസിസി ചാന്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ വൈസ് ക്യാപ്റ്റനായി നിയമിക്കപ്പെട്ട ശുഭ്മാൻ ഗിൽ കർണാടകയ്ക്കെതിരായ മത്സരത്തിൽ പഞ്ചാബിനുവേണ്ടി ഇറങ്ങും. വിജയ് ഹസാരെ ചാന്പ്യന്മാരായ കർണാടകയ്ക്കുവേണ്ടി പ്രസീദ് കൃഷ്ണ, ദേവ്ദത്ത് പടിക്കൽ തുടങ്ങിയവർ അണിനിരക്കും.
സച്ചിൻ ബേബിയുടെ നേതൃത്വത്തിലുള്ള കേരളം ഹോം മത്സരത്തിൽ ഇന്നു മധ്യപ്രദേശിനെ നേരിടും.