ദേശീയ ഗെയിംസ് അന്പെയ്ത്തിൽ മെഡൽ പ്രതീക്ഷയോടെ കേരള ടീം
Thursday, January 23, 2025 12:39 AM IST
അനിൽ തോമസ്
കൊച്ചി: രണ്ട് ഗോൾഡ് മെഡൽ നേട്ടത്തിനു ശേഷം കഴിഞ്ഞ തവണ അൽപം പിന്നോട്ട് പോയെങ്കിലും ഇത്തവണ ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസിൽ സുവർണ പ്രതീക്ഷയിലാണ് കേരളത്തിന്റെ അന്പെയ്ത്തു സംഘം.
നാലു വനിതകളും ഒരു പുരുഷ താരവും അടങ്ങിയ ടീം മാനന്തവാടി പൊൻമണി സ്കൂൾ ഗ്രൗണ്ടിൽ കഠിന പരിശീലനത്തിലാണിപ്പോൾ. 2022ലെ സ്വർണ നേട്ടക്കാരും കഴിഞ്ഞ തവണത്തെ വെങ്കല നേട്ടക്കാരനും നിലവിൽ ടീമിലുണ്ട്. കൂടാതെ പുതിയ താരങ്ങളിലും ടീം മാനേജ്മെന്റിനു വലിയ പ്രതീക്ഷയാണ്. ഇത്തവണ ഉറപ്പായും ഉന്നംതെറ്റാതെ സ്വർണം എയ്തിടാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ടീം.
2022ലെ ഗുജറാത്ത് നാഷണൽ ഗെയിംസിൽ സ്വർണ ജേതാക്കളായ കണ്ണൂർ കൊട്ടിയൂർ സ്വദേശി ആർച്ച രാജനും മാനന്തവാടി സ്വദേശി എ.വി. ഐശ്വര്യയുമാണ് ടീമിലെ ഉറച്ച മെഡൽ പ്രതീക്ഷ. എറണാകുളം മഹാരാജാസ് കോളജിലെ ഡിഗ്രി വിദ്യാർഥിയാണ് ആർച്ച.
ഗുരുവായൂർ എൽഎഫ് കോളജിലെ ബിരുദ വിദ്യാർഥിയാണ് ഐശ്വര്യ. കഴിഞ്ഞ തവണ ഗോവയിൽ നടന്ന നാഷണൽ ഗെയിംസിൽ ഐശ്വര്യ പങ്കെടുത്തിരുന്നെങ്കിലും മെഡൽ നേടായില്ല. അതിന്റെ കുറവ് ഇത്തവണ പരിഹരിക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് പരിശീലനം.
അതേസമയം, ഗോവയിലെ വെങ്കല നേട്ടക്കാരൻ ദശരഥ് രാജഗോപാൽ ഇത്തവണ മത്സരിക്കുന്നുണ്ട്. കണ്ണൂർ പേരാവൂർ സ്വദേശിയായ ദശരഥ് തൃശൂർ സഹൃദയ കോളജിലെ വിദ്യാർഥിയാണ്. ആസാം റൈഫിൾസിലെ ബിബിത ബാലനാണു സംഘത്തിലെ കന്നി മത്സരാർഥി. കണ്ണൂർ കൊട്ടിയൂർ സ്വദേശിയായ ബിബിത ആർച്ചയുടെ പിതൃസഹോദര പുത്രിയാണ്.
കഴിഞ്ഞ തവണ മെഡൽ നേടാകാതെ പോയതിന്റെ സങ്കടം തീർക്കാൻ മാനന്തവാടി സ്വദേശിയായ പ്ലസ്വണ്കാരി ആർച്ച വിനോദും പരിശീലനം കടുപ്പിച്ചിട്ടുണ്ട്.
വ്യക്തിഗത, മിക്സഡ് കാറ്റഗറിയിൽ കേരളത്തിൽനിന്നുള്ള താരങ്ങൾ മത്സരിക്കും. വനിതാ ടീമിനെ അക്ഷയ ദാസും പുരുഷ ടീമിനെ സിദ്ധാർഥ് രാജഗോപാലുമാണ് പരിശീലിപ്പിക്കുന്നത്. ഡെറാഡൂണ് രാജീവ്ഗാന്ധി ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഫെബ്രുവരി ഒന്ന് മുതൽ ഏഴ് വരെയാണ് ആർച്ചറി മത്സരങ്ങൾ. മാനേജർ ഒ.ആർ. രഞ്ജിത്തിന്റെ നേതൃത്വത്തിൽ എട്ടു പേരടങ്ങുന്ന ആർച്ചറി ടീം 30നു ഡെറാഡൂണിലേക്കു യാത്ര തിരിക്കും.