ലിവർ സ്റ്റാർ
Thursday, January 23, 2025 12:38 AM IST
ലിവർപൂൾ/ബെൻഫിക: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ 2024-25 സീസണിലെ ലീഗ് റൗണ്ടിൽ തുടർച്ചയായ ഏഴാം മത്സരത്തിലും ജയം സ്വന്തമാക്കി ഇംഗ്ലീഷ് ക്ലബ് ലിവർപൂൾ.
ഹോം മത്സരത്തിൽ ലിവർപൂൾ 2-1നു ഫ്രഞ്ച് ക്ലബ്ബായ ലില്ലയെ തോൽപ്പിച്ചു. മുഹമ്മദ് സല (34’), ഹാർവി എലിയട്ട് (67’) എന്നിവരുടെ വകയായിരുന്നു ലിവർപൂളിന്റെ ഗോളുകൾ. ചാന്പ്യൻസ് ലീഗിൽ ഈജിപ്ഷ്യൻ താരമായ സല 50 ഗോൾ തികച്ചു.
ചാന്പ്യൻസ് ലീഗിലെ ആദ്യ ഏഴു മത്സരങ്ങളും ജയിക്കുന്ന രണ്ടാമതു മാത്രം കോച്ച് എന്ന നേട്ടത്തിൽ ലിവർപൂളിന്റെ അർണെ സ്ലോട്ട് എത്തി.
9 ഗോൾ ത്രില്ലറിൽ ബാഴ്സ
ഒന്പതു ഗോൾ പിറന്ന ത്രില്ലർ പോരാട്ടത്തിൽ സ്പാനിഷ് ക്ലബ് ബാഴ്സലോണ 5-4നു പോർച്ചുഗലിൽനിന്നുള്ള ബെൻഫികയെ തോൽപ്പിച്ചു. ലെവൻഡോവ്സ്കി (13’ പെനാൽറ്റി, 78’ പെനാൽറ്റി), റാഫീഞ്ഞ (64’, 90+6’), എറിക് ഗാർസ്യ (86’) എന്നിവരായിരുന്നു ബാഴ്സയ്ക്കുവേണ്ടി ഗോൾ നേടിയത്. ആദ്യ 30 മിനിറ്റിനുള്ളിൽ വാൻഗെലിസ് പ്ലാവിഡിസിന്റെ (2’, 22’, 30’) ഹാട്രിക്കിലൂടെ ബെൻഫിക 3-1ന്റെ ലീഡ് നേടിയിരുന്നു.
ഏഴ് റൗണ്ട് കഴിഞ്ഞപ്പോൾ ഒന്നാം സ്ഥാനത്തുള്ള ലിവർപൂളും (21 പോയിന്റ്) രണ്ടാമതുള്ള ബാഴ്സലോണയും (18) പ്രീക്വാർട്ടർ ഉറപ്പാക്കി.